തലയോലപ്പറമ്പ്: സംരക്ഷണഭിത്തി നിർമ്മാണം പുരോഗമിക്കുന്ന പാലാംകടവ് താഴപ്പള്ളി റോഡിൽ പുഴയിലേക്ക് ചാഞ്ഞ് കിടന്ന് ആറ്റുതീരത്തിന് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പാഴ്മരം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാലു വർഷം മുമ്പാണ് പാലംകടവ് താഴപ്പള്ളി ആറ്റുതീരവും അനുബന്ധ റോഡും മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. പ്രധാൻമന്ത്റി ഗ്രാമീണ സഡക്ക് യോജനാ പദ്ധതി പ്രകാരം നിർമ്മിച്ച വടയാർ നമ്പ്യാകുളം റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് റോഡരികിലെ കൂറ്റൻ തണൽ മരം പുഴയിലേക്ക് കടപുഴകി വീണതിനെ തുടർന്ന് താണുപോയത്. റോഡിന്റെ കൂടുതൽ ഭാഗം താണുപോകാതിരിക്കാൻ ആറ്റുതീരത്ത് നിന്നിരുന്ന നിരവധി മരങ്ങൾ അധികൃതർ മുറിച്ച് മാറ്റിയിരുന്നു. എന്നാൽ ആറ്റുതീരത്തിന് ഭീഷണിയായി നിൽക്കുന്ന പാഴ്മരം മുറിച്ചു നീക്കാതെയാണ് സംരക്ഷണഭിത്തി നിർമ്മാണം പുരോഗമിക്കുന്നത്. സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ഇറിഗേഷൻ വകുപ്പ് അനുവദിച്ച ഒരു കോടിയിൽപ്പരം രൂപ ഉപയോഗിച്ചാണ് 225 മീറ്റർ നീളത്തിൽ റോഡ് നിരപ്പിൽ താഴെ നിന്ന് കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുന്ന നിർമ്മാണം നടക്കുന്നത്. ആറ്റിലേക്ക് അപകട ഭീഷണി ഉയർത്തി ചാഞ്ഞ് കിടക്കുന്ന മരം കൂടി മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.