വൈക്കം : സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന വൈക്കം ബോട്ടുജെട്ടിയിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി ആവശ്യപ്പെട്ടു. ബീച്ചിലും പാർക്കിലും ദിവസേന എത്തിച്ചേരുന്ന നഗരവാസികൾക്ക് ഈ പ്രദേശത്ത് ഒരു ശൂചീമുറി പോലും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ ഉളവാക്കുന്നു.
വേനൽക്കാലമാകുന്നതോടെ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും ഇതിനായി വാട്ടർ അതോറി​ട്ടിയുടെ ഉടമസ്ഥതയിൽ ആറാട്ടുകുളങ്ങരയിലുള്ള സ്ഥലത്ത് പുതിയ വാട്ടർ ടാങ്ക് നിർമ്മിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. ബി.ചന്ദ്രശേഖരൻ, ഇടവട്ടം ജയകുമാർ, പി.ജെ.സെബാസ്റ്റ്യൻ, പി.ഡി.ജോർജ്ജ്, വൈക്കം ജയൻ, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, ടി.അനിൽകുമാർ, എസ്.മനോജ് കുമാർ, ബീന മോഹൻ എന്നിവർ പ്രസംഗിച്ചു.