കോട്ടയം: "മുകളിൽ ആകാശം താഴെ ഭൂമി. ഇതിന് നടുവിൽ കോട്ടയത്തെ ആദ്യ ഓപ്പൺ എയർ തിയേറ്ററിന്റെ പണിക്കു തുടക്കമിടുകയാണ് . 1500 പേർക്കു വരെ ഇരുന്ന് കലാപരിപാടികൾ ആസ്വദിക്കാം. എല്ലാറ്റിനും സാക്ഷിയായി, അമ്മയെപ്പോലെ എന്റെ അക്ഷര ശിൽപ്പം നിൽക്കും ."ഇരു കൈകളും ഉയർത്തി കത്തുന്ന സൂര്യനെ തൊഴുത് കേരളത്തിന്റെ രാജശിൽപ്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ഏത് നിർമാണത്തിനുമുമ്പും ജ്വലിക്കുന്ന സൂര്യനെ നമസ്കരിക്കും. വിളക്കു കൊളുത്തലൊന്നും പിന്നെ ആവശ്യമില്ല.
കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടത്തിനും കെ.പി.എസ്.മേനോൻ ഹാളിനുമിടയിൽ വരുന്ന സ്ഥലത്താണ് കേരളീയ വാസ്തു ശിൽപ്പമാതൃകയിൽ ഓപ്പൺ എയർ തിയേറ്റർ നിർമിക്കുന്നത്. ആറടി ഉയരത്തിലാണ് സ്റ്റേജ് .
കേരളത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് ശിൽപ്പമായ അക്ഷര ശിൽപ്പം നാലു വർഷം മുമ്പ് പൂർത്തിയാക്കുമ്പോൾ ഓപ്പൺ എയർ തിയേറ്ററും ശാസ്ത്രി റോഡിൽ പബ്ലിക് ലൈബ്രറി പ്രവേശന കവാടവും കേരളീയ വാസ്തു ശിൽപ്പമാതൃകയിൽ തീർത്തു തരാമെന്ന് കാനായി ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ പല പല തിരക്കുകളിൽ അതു നീണ്ടുപോയി. വാക്കുപാലിക്കാൻ കാനായി ഭാര്യ നളിനിക്കൊപ്പം മൂന്നു ദിവസം മുമ്പാണ് കോട്ടയത്ത് എത്തിയത്. ഇനി പണി തീർത്തിട്ടേ മടങ്ങൂവെന്ന് കാനായിയുടെ ഉറപ്പ്.
നാലു വർഷം മുമ്പ് പൂർത്തിയാക്കിയ അക്ഷര ശിൽപ്പത്തിന്റെ മിനുക്കു പണികളും ഇതിനകം നടത്തി. 'അക്ഷര നഗരത്തിലെ അമ്മയെ ആദ്യം നന്നായി കുളിപ്പിച്ചു. പിന്നെ കറുപ്പടിച്ചു സുന്ദരിയാക്കി. അയ്യായിരം വർഷം മുമ്പ് മോഹൻജോദാരോയിലെ അക്ഷരം മുതൽ മലയാളത്തിൽ വട്ടെഴുത്തും കോലെഴുത്തും കടന്ന് കമ്പ്യൂട്ടർ ഭാഷ വരെയുള്ള അക്ഷര ശിൽപ്പത്തിന് ചുറ്റുമുള്ള ചെറു ശിൽപ്പങ്ങളെല്ലാം മിനുക്കിയതോടെ കൂടുതൽ മിഴിവാർന്നു.
അമ്മയുടെ മടിയിൽ ചെറിയ കുട്ടി , കാൽമുട്ടിൽ ചാരിയും നിലത്തു കിടന്നും മറ്റു കുട്ടികൾ. അക്ഷരം പഠിക്കുന്നതിന് സാക്ഷിയായി നിർവൃതിയോടെ അമ്മ ഇരിക്കുന്ന നിലയിലാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരമായ കോട്ടയത്തെ അക്ഷര ശിൽപ്പം ലൈബ്രറി വളപ്പിൽ കാനായി സ്ഥാപിച്ചത്.
"മറ്റൊരു ശിൽപ്പം ചെയ്തപ്പോഴും എനിക്ക് ഇത്ര സംതൃപ്തി ലഭിച്ചിട്ടില്ല . സ്നേഹം വിളമ്പുന്ന അമ്മയുടെ മടിയിലിരുന്നാണ് കുട്ടി ആദ്യക്ഷരം പഠിക്കേണ്ടത്. അപരിചിതമായ സ്ഥലത്ത് ആചാര്യന്റെ മടിയിലിരുന്ന് പേടിച്ച് കരഞ്ഞല്ല. വിദ്യാരംഭത്തിന് നാളെ ഇവിടെയാണ് എല്ലാവരുമെത്തേണ്ടത്. ഈ ശിൽപ്പം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. കൂടുതൽ ആളുകൾ കാണാൻ എത്തുന്നുവെന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.