ചങ്ങനാശേരി: സ്ഥിരംസമിതികൾ പോലുമറിയാതെ നഗരസഭയിൽ കാര്യങ്ങൾ നടക്കുന്നത് ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭാംഗങ്ങളുടെ വിമർശനം. ഉദ്യോഗസ്ഥർ നിരുത്തരവാദപരമായാണ് ഇടപെടുന്നതെന്നാരോപിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലിനെതിരെ ആഞ്ഞടിച്ചു. കൗൺസിൽ എടുക്കുന്ന തീരുമാനം നടപ്പിലാക്കുന്നതിനോ, വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനോ നഗരസഭ ഭരണാധികാരികൾക്കാകുന്നില്ലെന്ന് അംഗങ്ങൾ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ സജി തോമസ് സ്ഥിരം സമിതി അദ്ധ്യക്ഷന്റെ സ്ഥാനത്ത് ഇരിക്കാതെ നഗരസഭാംഗങ്ങളുടെ കസേരയിലിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. വാഴപ്പള്ളി പ്രദേശത്ത് ഒരുറോഡിൽ രണ്ടു പണികൾ ചെയ്യാനെടുത്ത തീരുമാനത്തെയും യോഗം വിമർശിച്ചു. ഈ വിഷയത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആമിന ഹനീഫ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചു. സെബാസ്റ്റ്യൻ മാത്യു മണമേൽ, പി.എസ്. മനോജ്, ഇ.എ. സജികുമാർ, എൻ.പി. കൃഷ്ണകുമാർ, സിബിച്ചൻ കൈതാരം, മാർട്ടിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു