ഈരാറ്റുപേട്ട : പൂർവികർക്ക് സർക്കാർ ദാനമായി കിട്ടിയ സ്ഥലം. അതെങ്ങനെ ഉപേക്ഷിച്ച് പോകും. പോയാൽ തന്നെ മറ്റൊരു വീട് പണിയാനുള്ള ശേഷിയില്ല. എന്നാൽ ഇനിയും എത്രനാൾ ഈ നിലംപൊത്താറായ വീടുകളിൽ അന്തിയുറങ്ങാനാകും. കുന്നോന്നി പട്ടികജാതി കോളനി നിവാസികളുടെയുള്ളിൽ ആശങ്കയുടെ കാർമേഘം ഉരുളുകയാണ്. 1957ൽ മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമായി പുരയിടം ഇല്ലാത്ത പട്ടികജാതി വിഭാഗങ്ങളെ ഒറ്റ പുരയിടത്തിൽ എത്തിക്കുന്നതിനായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്നു കുന്നോന്നി പട്ടികജാതി കോളനി. പൂഞ്ഞാറിലെ ജന്മിയായിരുന്ന 'ശകാട്ടറാത്ത് പുരയിടത്തിൽ നിന്ന് 11 ഏക്കർ സ്ഥലം പൊന്നിൻ വിലയ്ക്ക് വാങ്ങി 85 കുടുംബങ്ങൾക്ക് വീട് വയ്ക്കാനായി 100 രൂപയും കുടുംബം ഒന്നിന് 15 സെന്റ് സ്ഥലവും കൊടുത്തു.
1984 വരെ കുടിലുകളായിരുന്നു. സർക്കാർ സഹായമായി വീടുവയ്ക്കാൻ 8000 രൂപ സഹായം കിട്ടിയതോടെ ഭൂരിപക്ഷം വീടുകളും പുതുക്കി പണിതു. പലതും തെങ്ങിൻ തടികളിൽ പണി കഴിപ്പിച്ചതായിരുന്നു. മൂന്നര പതിറ്റാണ്ടു കഴിഞ്ഞതോടെ വീടുകൾ പലതും നിലംപൊത്തി തുടങ്ങി. സാമ്പത്തികശേഷിയുള്ളവർ നല്ല നിലയിൽ വീട് പുതുക്കിപ്പണിതു. എന്നാൽ 13 വീടുകൾ നനഞ്ഞൊലിച്ച നിലയിലാണ്. പല്ലാട്ടു കുന്നേൽ തങ്കച്ചന്റെ വീട് ഇതിനോടകം നിലംപൊത്തി. പലരും ഓടിന് മുകളിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയ നിലയിലാണ്. ഭൂരിപക്ഷം പുരുഷന്മാരും പെയിന്റിംഗ് തൊഴിലാളികളാണ്.


പട്ടയത്തിന് കടലാസിന്റെ വില
തങ്ങൾക്ക് കിട്ടിയ പട്ടയം നാളിതുവരെയായി ക്രയവിക്രയം ചെയ്യാനോ മറ്റോ സാധിക്കില്ല. ബാങ്കിലോ മറ്റു സഹകരണ സ്ഥാപനങ്ങളോ ഈടായും സ്വീകരിക്കില്ല. അതിനാൽ വീടും പുരയിടവും പണയപ്പെടുത്തി പെൺമക്കളെ കെട്ടിച്ചയക്കാനോ പണയപ്പെടുത്തി വീടുവയ്ക്കാനോ കഴിയില്ല.


പൊതുശ്മശാനം കാടുകയറി
കോളനി നിവാസികൾ മരിച്ചാൽ അടക്കം ചെയ്യുന്നതിനായി അരഏക്കർ സ്ഥലം മാറ്റിയിട്ടിട്ടുണ്ട്. ഏറെനാളായി സംസ്‌കാരം വീട്ടുവളപ്പിൽ തന്നെയായതിനാൽ ശ്മശാനം കാടുകയറിയ നിലയിലാണ്.


എല്ലാമുണ്ട് ഒന്നുമില്ല
കളിസ്ഥലം, ഓഡിറ്റോറിയം, സാംസ്‌കാരിക നിലയം, കമ്പ്യൂട്ടർ പഠനത്തിനായി കെട്ടിടം എന്നിവയെല്ലാം തുറന്ന് പ്രവർത്തിക്കാനാകാതെ നശിച്ച നിലയിലാണ്.


റോഡ്, കിണർ
കോളനിക്ക് ചുറ്റും ഗ്രാമീണ റോഡുകൾ, ഒന്നിലേറെ പൊതുകിണർ, ഒന്നിലേറെ കുഴൽ കിണറുകൾ കുടിവെള്ള പദ്ധതികൾ എന്നിവയുള്ളത് ആശ്വാസകരമാണ്.