പാലാ : പുലിയന്നൂർ തേവരുടെ ഉത്സവം ഇനി രണ്ടുനാൾ കൂടി. പുലിയന്നൂർ പുരേശം ഭക്തിലഹരിയിലാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്.
ഉത്സവനാളിലെ ഏറ്റവും പ്രധാന ചടങ്ങായ സമൂഹപ്പറ ആറാം ഉത്സവദിവസമായ ഇന്ന് നടക്കും.
വൈകിട്ട് 6 ന് ശ്രീകോവിലിൽ നിന്നിറങ്ങുന്ന ഭഗവാൻ ആദ്യം മുത്തോലിക്കവലയിലെ കാണിക്ക മണ്ഡപത്തിലേക്കും, തുടർന്ന് അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം കവലയിലേക്കും എഴുന്നള്ളിയെത്തും. ഗജരാജ ഗന്ധർവ്വൻ പാമ്പാടി രാജനാണ് ഇത്തവണ പുലിയന്നൂർ തേവരുടെ തിടമ്പേറ്റുക.
സമൂഹപ്പറ എഴുന്നള്ളത്തിനോടനുബന്ധിച്ച് മുത്തോലി കവലയിലും, ശ്രീരാമകൃഷ്ണാശ്രമം കവലയിലും വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മുത്തോലിക്കവല കാണിക്ക മണ്ഡപത്തിൽ അരയന്ന തെയ്യം, കൊട്ടക്കാവടി, എന്നിവയും, രുദ്രതാണ്ഡവവും നടക്കും. ആനയൂട്ടുമുണ്ട്. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം കവലയിൽ നാട്ടുപാട്ട് കളിയാട്ടം നടക്കും. ഉത്സവബലി ഇന്ന് അവസാനിക്കും.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്. പഞ്ചാരിമേളം. 10 ന് ഉത്സവബലി . 11.30 ന് ഓട്ടൻതുള്ളൽ, 6ന് സമൂഹപ്പറ എഴുന്നള്ളത്ത്. തിരുവരങ്ങിൽ സംഗീതസദസ്സ്. കുച്ചിപ്പുടി, നൃത്തം, ഭക്തിഗാനാഞ്ജലി, വലിയ വിളക്ക്.