മുത്തോലി : പുലിയന്നൂർ - വള്ളിച്ചിറ റോഡിൽ ശ്രീകുരുംബക്കാവ് ജംഗ്ഷനിൽ അപകടകരമായി നിലകൊള്ളുന്ന വെയിറ്റിംഗ് ഷെഡ് എത്രയും വേഗം പൊളിച്ചു നീക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജിസ്‌മോൾ, വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം എന്നിവർ പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് ഇതുവഴി ബസ് സർവീസ് ഉണ്ടായിരുന്നപ്പോൾ സ്ഥാപിച്ചതായിരുന്നു വെയിറ്റിംഗ് ഷെഡ്. ബസ് സർവീസ് നിലച്ചതോടെയാണ് വെയിറ്റിംഗ് ഷെഡ് ഉപയോഗശൂന്യമായതെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു. അടുത്തിടെയാണ് കൂടുതൽ തകർന്നത്. പഞ്ചായത്തിൽ നിലവിൽ എൻജിനിയറില്ല. എൻജിനിയർ എത്തിയാലുടൻ വാല്യുവേഷൻ നടത്തിയ ശേഷം ഇത് പൊളിച്ചുമാറ്റും. വിഷയം അടുത്തു ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യും.