കോട്ടയം: ആത്മയുടെ ആറാമത് രാജാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയ്ക്കും. നാല് ഓസ്‌കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് ആണ് ഉദ്ഘാടന ചിത്രം. 25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിച്ച വെയിൽ മരങ്ങളുടെ ശില്പികളും നടൻമാരും പങ്കെടുക്കും. സാഹിത്യകാരി കെ.ആർ മീര മുഖ്യ പ്രഭാഷണം നടത്തും.
ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത ഫോട്ടോ ഗ്രാഫർ ചിത്രാകൃഷ്ണൻ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോ പ്രദർശനം ക്യാമറാമാൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് അശോകൻ , ആർട്ടിസ്റ്റ് കെ.എസ് ശങ്കർ , കാർട്ടൂണിസ്റ്റ് പീറ്റർ , ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. മ്യൂസിക്കൽ ഈവനിംഗ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടൻപാട്ടുകൾ, മ്യൂസിക്ക് ഫെസ്റ്റ് എന്നിവ മേളയുടെ ഭാഗമായി നടക്കും. മേളയുടെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തി നൽകുന്ന ഡെലിഗേറ്റുകൾക്ക് സമ്മാനവും നൽകുമെന്ന് ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റിവൽ ഡയറക്ടറും ചെയർമാനുമായ ജോഷി മാത്യു, ജനറൽ കൺവീനർ ഫെലിക്സ് ദേവസ്യ, ഫെസ്റ്റിവൽ വൈസ് ചെയർമാൻ ബിനോയ് വേളൂർ, ഫെസ്റ്റിവൽ കൺവീനർ ഫെലിക്സ് മനയത്ത് എന്നിവർ അറിയിച്ചു.