ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യ ഹരിത വിദ്യാലമായ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂൾ പ്രകൃതി സംരക്ഷണത്തിനായി പുതിയ കർമ്മ പദ്ധതികൾ നടപ്പാക്കന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഹരിത ചട്ടംപാലിക്കുന്ന സ്‌കൂളിൽ പേപ്പർ പേനകളാണ് ഉപയോഗിക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളെയും പേപ്പർപേന നിർമ്മാണം പരിശീലിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ ഒഴിവാക്കുന്നതിനും തുണി സഞ്ചികളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിനുമായി പാതാമ്പുഴ ടൗണിലെ കടകളിലും വീടുകളിലും സർവേ നടത്തി. പി.ടി.എയുടെ സഹകരണത്തോടെ മാതാപിതാക്കൾ നിർമ്മിച്ച 200 ഓളം തുണിസഞ്ചികൾ ആദ്യഘട്ടത്തിൽ സൗജന്യമായും രണ്ടാം ഘട്ടത്തിൽ കുറഞ്ഞ നിരക്കിലും കടകളിൽ വിതരണം ചെയ്തു. ഹരിതകർമ്മ സേനയുടെ സഹായത്തോടെ പ്രദേശത്തെ 300 വീടുകളിൽ തുണി സഞ്ചികൾ എത്തിക്കും. 30 രൂപയാണ് വില. ഇന്ത്യ സിറ്റിസൺ ഫോറത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.