കോട്ടയം: പാമ്പാടിയിൽ കൊല്ലപ്പെട്ട മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിന്റെ വസ്‌ത്രങ്ങളും ഫോണും പിതാവ് ലത്തീഫ്, സഹോദരി ലൈഷ എന്നിവർ അഡീഷണൽ സെഷൻസ് (നാല്) കോടതിയിൽ നടക്കുന്ന വിസ്താരത്തിനിടെ തിരിച്ചറിഞ്ഞു. രണ്ടു ദിവസങ്ങളായി എട്ടു സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.

സംഭവ ദിവസം കറുത്ത ജീൻസും ടീഷർട്ടുമാണ് ലെനീഷ് ധരിച്ചിരുന്നത്. മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ ചാക്ക് വാങ്ങിയ കടയുടെ ഉടമയും ഏഴാം സാക്ഷിയുമായ സീനത്ത് ബീവി , ഇത് വാങ്ങിയ രണ്ടാം പ്രതി ഷിജോ എന്നിവർ ചാക്ക് തിരിച്ചറിഞ്ഞു. പ്രതിയായ ശ്രീകലയ്ക്ക് ആസിഡ് വാങ്ങി നൽകിയ ശരത് ശങ്കറും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. റബറിന് അടിക്കുന്നതിനു വേണ്ടിയെന്ന വ്യാജേനെയാണ് ആസിഡ് വാങ്ങിയതെന്ന് ശരത് ശങ്കർ പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ശ്രീകല പോയ ജ്യോത്സ്യൻ കെ.ജെ അനിയനെയും കോടതി വിസ്‌തരിച്ചു. കൊലപാതകം നടന്ന ദിവസവും, രണ്ടു ദിവസത്തിന് ശേഷവും ഇവർ വീട്ടിൽ എത്തിയിരുന്നതായി അനിയൻ മൊഴി നൽകി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.