അടിമാലി. ചില്ലിത്തോട് സർക്കാർ എൽപി സ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ച് വരുന്നതായി പരാതി.ഇരുമ്പുപാലം,പടികപ്പ്,പഴമ്പള്ളിച്ചാൽ മേഖലകളിൽ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികൾ പഠനം നടത്തുന്ന വിദ്യാലയത്തിലാണ് കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യ വിരുദ്ധശല്യം വർദ്ധിച്ച് വരുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ സ്‌കൂൾ മുറ്റത്തെ നക്ഷത്ര വനത്തിനും ജൈവവൈവിധ്യ പാർക്കിനും കേടുപാടുകൾ വരുത്തി.മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചതിന് പിന്നാലെ സ്‌കൂൾ കെട്ടിടത്തിന്റെ ജനൽ ചില്ലകളും അടിച്ചുടച്ചു.സർക്കാർ വിദ്യാലയമെങ്കിലും സ്മാർട്ട് ക്ലാസ് മുറികൾ അടക്കം നിർമ്മിച്ച് കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമൊരുക്കി പിടിഎയും അദ്ധ്യാപകരും മുമ്പോട്ട് പോകുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധശല്യം വിദ്യാലയത്തിന് ഭീഷണി ഉയർത്തിയിട്ടുള്ളത്.