പാത്താമുട്ടം: എസ്.എൻ.ഡി.പി യോഗം 27 -ാം നമ്പർ പാത്താമുട്ടം ശാഖയിലെ ശ്രീശാരദാദേവീക്ഷേത്രത്തിൽ ശ്രീനാരായണ ദർശനോത്സവത്തിനും മഹാശിവരാത്രി മഹോത്സവത്തിനും തുടക്കമായി. ഇന്നലെ വൈകിട്ട് ശ്രീനാരായണ ദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ യോഗം നിയുക്ത ബോർഡ് അംഗം സജീവ് പൂവത്ത് പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 6.30 ന് ദീപാരാധന, സമൂഹപ്രാർത്ഥന. തുടർന്ന് ഏഴിന് പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക പരിപാടികൾ നടക്കും. മാറുന്ന ലോകം - മാറേണ്ട ശീലങ്ങൾ പരീക്ഷകളെ എങ്ങിനെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിടാം എന്ന വിഷയത്തിൽ ഇന്റർനാഷണൽ ഫാമിലി കൗൺസിലർ മോൻസി വർഗീസ് വിഷയം അവതരിപ്പിക്കും. ദേവസ്വം മാനേജർ പി.എം ജയദേവൻ മോഡറേറ്ററായിരിക്കും. നാളെ 6.30 ന് അഷ്ടദ്രവ്യഗണപതിഹോമം, 9.30 ന് ഉച്ചപൂജ. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, മഹാശിവപൂജ. വൈകിട്ട് ഏഴിന് ഗുരുദർശനം - ഗുരുദേവകൃതികളിലൂടെ പാടിയും പറഞ്ഞും എന്ന വിഷയത്തിൽ ശ്രീനാരായണ സേവാനികേതനിലെ നിർമ്മല മോഹൻ പ്രഭാഷണം നടത്തും.