കോട്ടയം: വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിക്കുകയും, കുരുമുളക് സ‌്പ്രേ പ്രയോഗിക്കുകയും ചെയ്‌ത കേസിൽ പ്രതി പിടിയിൽ. മണർകാട് ശാന്തിഗ്രാം കോളനിയിൽ കൊച്ചുപറമ്പിൽ രഹിലാലിനെയാണ് (27) മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്‌ടർ രതീഷ്‌കുമാർ അറസ്റ്റ് ചെയ്‌തത്. വടവാതൂർ ശാന്തിഗ്രാം കോളനിയിലെ വീട്ടമ്മയെയും മകനെയുമാണ് ഇയാൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45 നായിരുന്നു കേസിനാസ്‌പദമായ സംഭവം. മകനെ തേടിയാണ് രഹിലാൽ ഇവരുടെ വീട്ടിലെത്തിയത്. വീട്ടുകാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച പ്രതി, വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയ്ക്കും ഭർത്താവിനും മകനും പ്രായപൂർത്തിയാകാത്ത മകൾക്കും പരുക്കേറ്റിരുന്നു. സംഭവ ശേഷം ഒളിവിൽപോയ പ്രതിക്കു വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഒറവയ്ക്കലെ സുഹൃത്തിന്റെ വീട്ടിൽ രഹിലാൽ ഒളിവിൽ കഴിയുന്നതായ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോൾ പ്രതി അവിടെനിന്നു രക്ഷപ്പെട്ടു മറ്റൊരു വീട്ടിൽ കയറി ഒളിച്ചിരുന്നു. പിൻതുടർന്നെത്തിയ പൊലീസ് പ്രതിയെ കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയിൽനിന്ന് പിടികൂടുകയായിരുന്നു.
പിടിയിലായ രഹിലാലിനെതിരേ കുരുമുളക് സപ്രേ ചെയ്ത് ആക്രമിച്ചതിനും അടിപിയുണ്ടാക്കിയതിനും മണർകാട്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി പതിനൊന്ന് കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ.കെ. രാജൻ, രാജേഷ്, സാജൻ, എ.എസ്.ഐ: ബിനു, എസ്.സി.പി.ഒമാരായ ഫെർണാണ്ടസ്, റെജി, സി.പി.ഒ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.