വൈക്കം: സർക്കാർ ആവിഷ്‌ക്കരിച്ചിക്കുന്ന മാലാഖ പ്രോഗ്രാമിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണത്തിനും ലഹരി മരുന്നുകളുടെ ഉപയോഗത്തിനുമെതിരെ വൈക്കം ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ബോധവത്കരണ കൂട്ടയോട്ടം നടത്തി. വടക്കേകവലയിൽ നിന്നും സത്യാഗ്രഹ സ്മാരക മന്ദിരത്തിലേക്ക് പുറപ്പെട്ട കൂട്ടയോട്ടം വൈക്കം ഡിവൈ. എസ്. പി. സി. ജി. സനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. റസിഡന്റ്‌സ് അസോസിയേഷനുകൾ, വൈക്കം ശ്രീമഹാദേവ കോളേജ്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സീനിയർ സിറ്റിസൺ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് സി. ആർ. ഒ. സി. എ. ബിജുമോൻ, ജില്ലാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ട്രഷറർ എം. എസ്. തിരുമേനി, നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ, ഡോ. പ്രവീൺ, പി. ജി. എം. നായർ, പി. എം. സന്തോഷ് കുമാർ, ആർ. സന്തോഷ്, ശിവരാമകൃഷ്ണൻ നായർ, പി. സോമൻ പിള്ള, കെ. ശിവപ്രസാദ്, ജോർജ്ജ് കൂടല്ലി, ലൈല ജയരാജ് എന്നിവർ പ്രസംഗിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ സമാപന സമ്മേളനവും പ്രതിജ്ഞയെടുക്കലും നടന്നു.