വൈക്കം: വൈക്കം ടൗണിലെ വോളിബാൾ കോർട്ടിൽ പോക്സോ കേസിലെ പ്രതിയായ സംഗീതാദ്ധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ മോഡൽ റസിഡന്റ്സ് സ്കൂളിലെ അദ്ധ്യാപകൻ വൈക്കം ആറാട്ടുകുളങ്ങര തെക്കുംകോവിൽ നരേന്ദ്രബാബുവിനെയാണ് (50) കോർട്ടിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ നിരപരാധിയെന്ന് വിവരിക്കുന്ന കത്ത് കോർട്ടിലെ നെറ്റിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 6.15ന് വോളിബാൾ കളിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. വൈക്കം നഗരസഭയുടെ ശ്മശാനത്തോടു ചേർന്ന് ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിച്ചതാണ് വോളിബാൾ കോർട്ട്. വൈക്കം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. കോട്ടയത്തെ ഒരു സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 15 പോക്സോ കേസുകളാണ് നരേന്ദ്രബാബുവിന്റെ പേരിൽ ചാർജ്ജ് ചെയ്തിട്ടുള്ളത്. നാല് ,അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആദിവാസി വിദ്യാർത്ഥികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ സ്കൂളിലെ മിക്ക അദ്ധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. സ്കൂളിലെ പ്രിൻസിപ്പലിന്റെ ചില ചെയ്തികളെ ചോദ്യം ചെയ്തതാണ് സംഗീതാദ്ധ്യാപകനെ കേസിൽ കുടുക്കാൻ കാരണമെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഒരേ കൈയക്ഷരത്തിലാണ് കുട്ടികൾ പരാതി അധികൃതർക്ക് നൽകിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. വൈക്കം സി.ഐ ഇൻക്വസ്റ്റ് ചെയ്തശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.