ചങ്ങനാശേരി: സെൻട്രൽ ജംഗ്ഷനും കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കും ഇടയിലെ കുരുക്കിൽ നിന്നു കടന്നുപോകണമെങ്കിൽ വാഹനം ഓടിക്കാൻ അറിഞ്ഞാൽ മാത്രം പോലാ, നല്ല ക്ഷമയുമുണ്ടാകണം ! കാരണം മറ്റൊന്നുമല്ല, മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ കാത്തുകിടന്ന് മാത്രമേ ഇവിടെ മുമ്പോട്ടു പോകാൻ സാധിക്കൂ...ഏതു സമയത്തും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അനധികൃത പാർക്കിംഗ്, അനധികൃത സ്റ്റോപ്പുകളിൽ ബസ് നിറുത്തുന്നത്, ഫുട്പാത്തിലെ കച്ചവടം തുടങ്ങിയവ കുരുക്കിന് ആക്കം കൂട്ടുന്നു. എസ് ബി. കോളേജു മുതൽ പെരുന്ന എൻ.എസ്.എസ്. ജംഗ്ഷൻ വരെയുള്ള തിരക്കിലൂടെ ഒരു സൈക്കിളിന് പോലും അനായാസം കടന്നുപോകാൻ സാധിക്കില്ല. കാൽനടയാത്രികർ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല !. സ്റ്റാൻഡുകളിൽ നിന്ന് ബസുകൾ അലക്ഷ്യമായി പുറത്തേക്കിറങ്ങുന്നതും ഓട്ടോറിക്ഷകളുടെ അപ്രതീക്ഷിത യൂ ടേൺ തിരിയലും ഗതാഗതക്കുരുക്കിന്റെ കാഠിന്യം കൂട്ടി നഗരത്തെ വീർപ്പുമുട്ടിക്കുന്നു. ഡിവൈഡർ സ്ഥാപിച്ച് റോഡ് വിഭജിച്ചാൽ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് യാത്രക്കാർ പങ്കുവയ്ക്കുന്നത്.

 തുരുത്തി 'അപകടത്തുരുത്ത്"

എം.സി. റോഡിൽ ചങ്ങനാശേരിയിൽ അപകട നിരക്ക് കൂടുതലുള്ള സ്ഥലം തുരുത്തിയിലാണന്ന് നാറ്റ്പാക് ട്രാഫിക് വിഭാഗം കണ്ടെത്തി. നാറ്റ്പാക് സംഘം മേധാവി ഷമീം , സാങ്കേതിക വിഭാഗം വിദഗ്ദ്ധൻ ടി. രാമകൃഷ്ണൻ, ചങ്ങനാശേരി ഡിവൈ.എസ്.പി. എസ്. സുരേഷ്‌കുമാർ, കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.ടോജോ എം തോമസ്, എന്നിവരടങ്ങിയ സംഘമാണ് ളായിക്കാട് മുതൽ കുറവിലങ്ങാട് വരെ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തിയത്. റോഡിന്റെ വീതി വർദ്ധിപ്പിച്ച് ടാർ ചെയ്തതല്ലാതെ സുരക്ഷാ സംവിധാനങ്ങൾ ഈ ഭാഗത്ത് ഏർപ്പെടുത്തിയിട്ടില്ല. അമിത വേഗതയും അനധികൃത പാർക്കിംഗും മൂലം ഒന്നിനുപുറകേ ഒന്നായി അപകടങ്ങളുണ്ടാകുന്നു. രാത്രികാലത്ത് റോഡിൽ വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ ഇല്ലാത്തതും പ്രശ്നമാണ്.

 തുരുത്തിയിൽ കഴിഞ്ഞ വർഷം -- 18 അപകടങ്ങൾ, 6 മരണം, 12 പേർക്ക് ഗുരുതര പരിക്ക്

 ബൈക്കുകൾക്ക് പ്രത്യേക പാത...

എം.സി.റോഡിൽ ടുവീലർ അപകടം കുറയ്ക്കാൻ പാലാത്ര ചിറ മുതൽ തുരുത്തി പുന്നമൂട് വരെ ബൈക്കുകൾക്ക് സഞ്ചരിക്കുന്നതിനായി പ്രത്യേക പാത ക്രമീകരിക്കുന്ന കാര്യം പരിശോധിക്കാൻ പൊലീസ് നാറ്റ്പാക് സംഘത്തോട് നിർദ്ദേശിച്ചു. എംസി റോഡിലാകെ ഈ സംവിധാനം കൊണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.