കോട്ടയം: കേരളകോൺഗ്രസ് (എം) ഔദ്യോഗിക വിഭാഗം ജോസോ ജോസഫോ എന്ന തർക്കം കേന്ദ്ര ഇലക്ഷൻ കമ്മിഷൻ വിധിപറയാൻ മറ്റിയതോടെ രണ്ടില ചിഹ്നം മരവിപ്പിക്കുമോ എന്ന ആശങ്കയിലായി ഇരു വിഭാഗവും . കേരളകോൺഗ്രസ് തർക്ക കേസുകളിലെല്ലാം ചിഹ്നം മരവിപ്പിച്ച ചരിത്രമാണുള്ളത്. കുതിര, ആന, സൈക്കിൾ തുടങ്ങിയ ചിഹ്നങ്ങളെല്ലാം തർക്കത്തെ തുടർന്ന് നേരത്ത മരവിപ്പിച്ചതാണ്. രണ്ടിലയുടെ കാര്യത്തിലും അങ്ങനെ സംഭവിച്ചാൽ ഇരു വിഭാഗവും സ്വതന്ത്ര ചിഹ്നം തേടേണ്ടി വരും.
ഒരു എം.പിക്ക് പത്തു പോയിന്റും എം.എൽ.എക്ക് ഒരു പോയിന്റുമാണ് തർക്ക കേസിൽ തിരഞ്ഞടുപ്പ് കമ്മിഷൻ പരിഗണിക്കാറുള്ളത്. രണ്ട് എം.പിയും രണ്ട് എം.എൽ. എയും പ്രാദേശിക തലത്തിൽ മറ്റ് ജനപ്രതിനിധികളും കൂടുതലുമുള്ള ജോസ് വിഭാഗം അംഗീകാരം കിട്ടുമെന്ന വിശ്വാസത്തിലാണ് .
ചെയർമാനായിരുന്ന കെ.എം.മാണിയുടെ മരണത്തോടെ വർക്കിംഗ് ചെയർമാനെന്ന പരിഗണനയിൽ ചെയർമാന്റെ അധികാരചുമതല കമ്മിഷൻ നൽകിയതും ഒരു എം.എൽ.എ അധികമുള്ളതും പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ അനുമതി ലഭിച്ചതും പരിഗണിച്ച് ചിഹ്നം മരവിപ്പിച്ചാലും ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുമെന്നാണ് ജോസഫ് വിഭാഗം.കരുതുന്നത്.
യു.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാകും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഏത് ഗ്രൂപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചാലും അത് യു.ഡി.എഫിൽ പൊട്ടിത്തെറി ഉണ്ടാക്കും. കുട്ടനാട് സീറ്റ് കേരളകോൺഗ്രസ് എമ്മിന് അർഹതപ്പെട്ടതായതിനാൽ രണ്ടില ചിഹ്നം ലഭിക്കുന്ന ഗ്രൂപ്പിന് അത് അവകാശപ്പെടാം . എതിർ വിഭാഗം അംഗീകരിക്കണമെന്നില്ല. ഔദ്യോഗിക ഗ്രൂപ്പിനോട് യു.ഡി.എഫ് നേതൃത്വം കാണിക്കുന്ന താത്പര്യം അവർ മുന്നണി വിടുന്നതിൽ വരെ എത്താം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, സഞ്ജയസിംഗ് എം.പി എന്നിവരുമായി ഡൽഹിയിൽ പി.ജെ.ജോസഫ് ചർച്ച നടത്തിയത് രണ്ടില ചിഹ്നം നഷ്ടപ്പെട്ടാൽ മൂന്ന് എം.എൽ.എമാരുമായി കേരളത്തിൽ ആംആദ്മി പാർട്ടി ഘടകം രൂപീകരിക്കുന്നതിന്റെ ഭാഗമാണെന്ന പ്രചാരണം ജോസ് വിഭാഗം ഇതിനിടെ നടത്തിയത് ചർച്ചയായി . കമ്മിഷൻ അവസാന സിറ്റിംഗിൽ ജോസും ചാഴികാടനും പങ്കെടുത്തിരുന്നു. ഡൽഹിയിലണ്ടായിട്ടും ജോസഫ് പങ്കെടുത്തില്ല. ഇതായിരുന്നു പ്രചാരണത്തിന് കാരണം. പാർട്ടി ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനത്തിലേക്ക് കേജ് രിവാളിനെ ക്ഷണിക്കാൻ പോയതെന്നായിരുന്നു ഇതിന് ജോസഫ് വിഭാഗത്തിന്റെ വിശദീകരണം. ജേക്കബ് ഗ്രൂപ്പ് പിളർത്തി ജോണി നെല്ലൂർ വിഭാഗത്തെ ലയിപ്പിക്കാൻ ജോസഫ് വിഭാഗം നീക്കം നടത്തുന്നതും മാണി ഗ്രൂപ്പ് ഭിന്നതയ്ക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്.