വൈക്കം: സിനിമാ തിയേറ്റർ വേണമെന്ന വൈക്കംകാരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി മൾട്ടിപ്ലക്സ് സിനിമാ തിയേറ്റർ നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു.
കിളിയാറ്റുനടയിൽ ഫയർ സ്റ്റേഷന് സമീപം നഗരസഭ വക സ്ഥലത്ത് ഇന്നലെ തിയേറ്റർ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തി. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം രൂപകല്പന ചെയ്യുക. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് വൈക്കത്ത് തിയറ്റർ നിർമ്മിക്കുന്നത്. കിഡ് കോയ്ക്കാണ് നിർമ്മാണ ചുമതല. രണ്ട് സ്ക്രീനുകളുള്ള തിയേറ്റർ സമുച്ചയമാണ് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സിനിമാ തിയേറ്റർ ഇല്ലാത്ത നാടെന്ന പഴിയാണ് അവസാനിക്കുന്നത്. നിലവിൽ വൈക്കംകാർക്ക് പുതിയ സിനിമകൾ കാണണമെങ്കിൽ സമീപപ്രദേശമായ തലയോലപ്പറമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകണം. തലയോലപ്പറമ്പിലുണ്ടായിരുന്ന മൂന്ന് തിയേറ്ററുകളിൽ രണ്ടെണ്ണം കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു. അതിൽ ഒന്ന് മൾട്ടിപ്ലക്സായി. മറ്റൊന്ന് നൈസ് കാർണിവൽ എന്ന പേരിൽ പ്രവർത്തിക്കുന്നു. മൂന്നാമതായി രാഗം എന്ന പേരിൽ ഒരു സി ക്ലാസ് തിയേറ്ററുണ്ടായിരുന്നത് നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു.
നർത്തകിയുടെ നൊസ്റ്റാൾജിയ
വൈക്കത്തുകാരുടെ ഗൃഹാതുരത്വമാണ് നർത്തകി തിയേറ്റർ. മൂന്ന് സിനിമാ തിയേറ്ററുകളുണ്ടായിരുന്ന വൈക്കത്തെ ആധുനിക തിയേറ്ററായാണ് നർത്തകി ആരംഭിച്ചത്. വൈക്കത്തെ പാപ്പാടി കുടുംബത്തിന്റേതായിരുന്നു തീയറ്റർ. പിന്നീട് നിർമ്മാതാവായിരുന്ന പി.കെ.ആർ പിള്ള ഏറ്റെടുത്തപ്പോൾ നർത്തകി പേര് മാറി പ്രീതിയായി. അന്ന് പല സിനിമകളും ഇവിടെ റിലീസ് ചെയ്തിരുന്നു. ഏയ് ഓട്ടോയുടെ റിലീസിന് മോഹൻലാലുമെത്തി. വീണ്ടും ഉടമസ്ഥർ മാറി വൈക്കത്തുകാരൻ തന്നെയായ മുംബയ് വ്യവസായി തിയേറ്റർ ഏറ്റെടുത്തു. പ്രീതി ശാലിനിയായി മാറി. പിന്നീട് സിനിമാ വ്യവസായം പ്രതിസന്ധിയെ നേരിട്ട കാലത്ത് മറ്റ് തിയേറ്ററുകൾക്കൊപ്പം ശാലിനിയും അടച്ചു പൂട്ടി. പഴയ നർത്തകിക്ക് മുന്നിൽ വളപ്പൊട്ടുകൾ കൊണ്ടുതീർത്ത കഥകളി രൂപം ഇന്നുമുണ്ട്. സ്റ്റാർ, വിജയ എന്നീ സീ ക്ലാസ് തിയേറ്ററുകളായിരുന്നു മറ്റ് രണ്ടെണ്ണം. അവ നേരത്തെ തന്നെ പൂട്ടിപ്പോയിരുന്നു. ഉല്ലലയിലെ പുരാതന തിയേറ്ററായ ശ്രീ പത്മനാഭയും ടി.വി.പുരത്തെ ശ്രീറാമും ചെമ്പിലെയും കുലശേഖരമംഗലത്തെയും തിയേറ്ററുകളുമെല്ലാം ഓർമ്മയായി.