കോട്ടയം: യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് -എമ്മിന് പിറകെ, ജേക്കബ് ഗ്രൂപ്പും പിളരുന്നു. പാർട്ടി ചെയർമാൻ ജോണി നെല്ലൂരും ലീഡർ അനൂപ് ജേക്കബ് എം.എൽ.എയും ഇന്ന് കോട്ടയത്ത് ഒരേ സമയം രണ്ട് ഉന്നതാധികാരസമിതി യോഗങ്ങൾ വിളിച്ചിട്ടുണ്ട് .
അനൂപിനെ പിന്തുണയ്ക്കുന്നവരുടെ യോഗം പാർട്ടി ഓഫീസിൽ ചേർന്ന്, ജോസഫ് വിഭാഗവുമായുള്ള ലയന നീക്കം തള്ളും. കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ജോണി വിഭാഗം യോഗം ലയന നീക്കം അഗീകരിക്കും .ഇതോടെ പിളർപ്പ് യാഥാർത്ഥ്യമാവും.
പാർട്ടിയിൽ ഇരു വിഭാഗവും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നു.ജേക്കബ് ഗ്രൂപ്പ് വ്യക്തിത്വം കാത്തുസൂക്ഷിക്കുമെന്നും ജോസഫ് ഗ്രൂപ്പിൽ ലയിച്ചാൽ ചെയർമാനായ ജോണിയെ പുറത്താക്കുമെന്നും അനൂപ് പ്രഖ്യാപിച്ചു. അതേ സമയം, അനൂപിന്റെ എം.എൽ.എ സ്ഥാനം കളയാൻ ചെയർമാനായ തനിക്ക് കഴിയുമെങ്കിലും പാവം ജീവിച്ചു പോട്ടെയെന്ന് കരുതി പുറത്താക്കാനില്ലെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്.ജോണി വിഭാഗം തന്റെ പാർട്ടിയിൽ ലയിക്കുമെന്ന വാർത്ത പി.ജെ.ജോസഫ് സ്ഥിരീകരിച്ചു. ഈ മാസം 29ന് കൊച്ചിയിൽ ലയന സമ്മേളനം നടത്തും. അനൂപ് ചർച്ച നടത്തിയിരുന്നു .അവരും ലയിക്കുമെന്നാണ് കരുതുന്നതെന്നും ജോസഫും അറിയിച്ചു.
ജേക്കബ് ഗ്രൂപ്പിലെ പിളർപ്പ് ഒഴിവാക്കുന്നതിന് ഇരു വിഭാഗവും വിളിച്ചു ചേർത്തിട്ടുള്ള യോഗങ്ങൾ ഒഴിവാക്കാൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും മറ്റ് നേതാക്കളും ഇടപെട്ടെങ്കിലും അനുരഞ്ജന നീക്കം വിജയിച്ചില്ല.