പാലാ : ഏറ്റുമാനൂർ - പാലാ സംസ്ഥാന പാതയിൽ നിന്ന് വലവൂർ ട്രിപ്പിൾ ഐ.ടിയിലേക്കുള്ള റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്ത് നവീകരിക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ കേന്ദ്ര റോഡ് ഫണ്ടിൽപ്പെടുത്തി 17 കോടി രൂപ മുടക്കി 17 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ജോസ്.കെ.മാണി എം.പി കഴിഞ്ഞ 2 വർഷമായി കേന്ദ്രസർക്കാരിൽ നടത്തിവന്ന നിരന്തര ശ്രമഫലമായാണ് റോഡ് നിർമ്മിക്കാൻ തുക അനുവദിച്ചത്. നാളെ രാവിലെ 10 ന് അരുണാപുരം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ നിർമ്മണോദ്ഘാടനം നിർവഹിക്കും.

നിലവിൽ പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള ആറ് റോഡുകളാണ് ദേശീയപാത കാഞ്ഞിരപ്പള്ളി ഓഫീസിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നവീകരിക്കുന്നത്. പുലിയന്നൂർ അമ്പലം കാണിക്കമണ്ഡപം വള്ളിച്ചിറ, മുറിഞ്ഞാറ മങ്കൊമ്പ് ക്ഷേത്രം വലവൂർ , മുറിഞ്ഞാറ നെല്ലാനിക്കാട്ട് പാറ വലവൂർ, വലവൂർ ചക്കാമ്പുഴ, നെച്ചിപ്പുഴൂർവലവൂർ , ഫാത്തിമാപുരം ആമേറ്റുപള്ളി എന്നീ റോഡുകളാണ് ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നത്. 3.80 മുതൽ 5 മീറ്റർ വരെ പല ഭാഗങ്ങളായി റോഡിന്റെ വീതി വർധിപ്പിക്കും. 1350 മീറ്ററോളം നീളത്തിൽ പുതിയതായി സംരക്ഷണഭിത്തി തീർക്കും. 500 മീറ്ററിൽ കൂടുതൽ ഓട പണിയും.പുതിയ 9 കലുങ്കുകളും നിർമ്മിക്കുന്നുണ്ട്. സൈൻ ബോർഡുകൾ, മാർക്കിംഗുകൾ തുടങ്ങി റോഡ് സുരക്ഷാക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തുമെന്ന് ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു.

നിർമ്മാണച്ചെലവ് : 17 കോടി

നിർമ്മാണോദ്ഘാടനം നാളെ

3.80 മുതൽ 5 മീറ്റർ വീതി കൂട്ടും

ഓടയും കലുങ്കും നിർമ്മിക്കും

പുലിയന്നൂർ തേവർക്ക് ഉത്സവ കാണിക്ക,​

നാട്ടുകാർക്ക് ഓണസമ്മാനം : എം.പി

നാളെ ആറാട്ടുത്സവം കൊണ്ടാടുന്ന പുലിയന്നൂർ തേവർക്കുള്ള കാണിക്കയാണീ പുതിയ പാതയെന്നും അടുത്തവർഷം ഭഗവാന്റെ ആറാട്ട് ഘോഷയാത്ര പുതിയ പാതയിലൂടെയാവുമെന്നും ജോസ്.കെ. മാണി എം.പി പറഞ്ഞു. വലവൂർ ട്രിപ്പിൾ ഐ.ടിയിലെ വിദ്യാർത്ഥികൾക്കും, കരൂർ, മുത്തോലി പഞ്ചായത്തുകളിലെ ജനങ്ങൾക്കും അടുത്ത ഓണസമ്മാനമായി നവീകരിച്ച പാത തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സെപ്തംബറിൽ പണി പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച കേന്ദ്ര സർക്കാരിനും , കാര്യങ്ങൾ വളരെ വേഗം മുന്നോട്ടു കൊണ്ടു പോകുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.


ഫേട്ടോ അടിക്കുറിപ്പ്

കേന്ദ്രഫണ്ടിൽപ്പെടുത്തി നവീകരിക്കുന്ന പുലിയന്നൂർ അമ്പലം വലവൂർ ചക്കാമ്പുഴ റോഡിന്റെ ആരംഭ ഭാഗം