വൈക്കം : ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് മുകളിലേക്ക് റോഡരികിൽ നിന്ന കൂറ്റൻ മരം കടപുഴകി വീണു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവ സമയത്ത് റോഡിൽ കാൽനട യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ വൈക്കം അംബികാമാർക്കറ്റിന് സമീപമാണ് സംഭവം. ആലപ്പുഴയിൽ നിന്നും തലയോലപ്പറമ്പിലേക്ക് മണ്ണ് കയറ്റുന്നതിനായി വരികയായിരുന്ന ടിപ്പർ ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഡ്രൈവർ ആലപ്പുഴ സ്വദേശി നികേഷ് (34), ക്ലീനർ തൻസീർ (28)എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു. ചുവട് ഭാഗം ദ്റവിച്ച മരം കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. വൈക്കത്ത് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ ഫയർ ഓഫീസർമാരായ സി.ആർ ജയകുമാർ, രാധാകൃഷ്ണൻ, എം.കെ വിനോദ്, കെ.ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഫയർ യൂണിറ്റെത്തിയാണ് മരം മുറിച്ച് നീക്കിയത്.സംഭവത്തെ തുടർന്ന് വൈക്കം കുമരകം റോഡിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടർന്ന് ടിപ്പറിന്റെ മുൻവശം ഭാഗീകമായി തകർന്നു.