കോട്ടയം: ശരിയായ മുന്നൊരുക്കമില്ലാതെ നടത്തിയ പരിഷ്കാരം മൂലം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായി. സർക്കിൾ ഇൻസ്‌പെക്‌ടർമാർ എസ്.എച്ച്.ഒമാരായതോടെ, എസ്.ഐമാർക്ക് സ്റ്റേഷന്റെ അധികാരം നഷ്‌ടമാവുകയും ക്രമസമാധാന പാലനവും കേസ് അന്വേഷണവും താളം തെറ്റുകയുമായിരുന്നു. ഇൻസ്‌പെക്‌ടർമാർ റാങ്കിലുള്ള എസ്.എച്ച്.ഒമാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരമില്ലാത്തതിനാൽ ജില്ലാ പൊലീസ് മേധാവി നോക്കികുത്തിയുമായി. ഒരു വർഷം മുൻപാണ് സി.ഐമാരെ എസ്.എച്ച്.ഒമാരാക്കുന്ന പരിഷ്കാരം നടപ്പാക്കിയത്.
സി.ഐമാർക്ക് അതൃപ്‌തി
എസ്.എച്ച്.ഒമാരായതോടെ സി.ഐമാർ കടുത്ത അസംതൃപ്‌തിയിലാണ്. ഇവരുടെ അധികാരം കുറഞ്ഞതായാണ് ആരോപണം.
രണ്ടു പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഒന്നായി കുറഞ്ഞു
എസ്.ഐയുടെ ജോലി തന്നെ വീണ്ടും ചെയ്യേണ്ടി വരുന്നു.
സ്റ്റേഷനിലെ ചെറിയ പ്രശ്‌നങ്ങൾക്ക് പോലും മറുപടി പറയണം
പരിഷ്കാരത്തിന്റെ നേട്ടം
പൊലീസ് സ്റ്റേഷനുകളിൽ അധികാര വികേന്ദ്രീകരണം
നടപടികളുടെ മേൽനോട്ടത്തിന് മുതിർന്ന ഉദ്യോഗസ്ഥർ
ക്രമസമാധാന പാലനവും കുറ്റാന്വേഷണവും രണ്ടായി
കസേരയില്ലാതെ എസ്.ഐമാർ
പൊലീസ് സ്റ്റേഷനുകളിൽ സാദാ പൊലീസുകാരെപ്പോലെ തന്നെ എസ്.ഐമാർക്കും കസേര ഇല്ലാത്ത സ്ഥിതിയായി. അധികാരം നഷ്‌ടമായതോടെ യുവ എസ്.ഐമാർ പലരും സ്‌പെഷ്യൽ യൂണിറ്റിലേയ്‌ക്കു മാറ്റം ചോദിച്ചു വാങ്ങുന്നു.
ഡിവൈ.എസ്.പിമാർക്ക്
അമിത ഭാരം
നേരത്തെ മേൽനോട്ടത്തിനുണ്ടായിരുന്ന സി.ഐമാർ ഇല്ലാതായതോടെ ഡിവൈ.എസ്.പിമാർക്ക് അമിത ജോലിഭാരമായി. എട്ടു മുതൽ പന്ത്രണ്ട് പൊലീസ് സ്റ്റേഷൻ വരെ ഒരു ഡിവൈ.എസ്.പി നോക്കേണ്ടി വരുന്നു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും മറുപടി പറയേണ്ടിയും വരും.
എസ്.പിമാർ പി.സിമാരായി
നേരത്തെ സൂപ്രണ്ട് ഒഫ് പൊലീസ് ആയിരുന്ന എസ്.പി.മാർ പേരുമാറ്റത്തോടെ പി.സി. (പൊലീസ് ചീഫ്) ആയി. എസ്.ഐ വരെയുള്ളവർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം മാത്രമാണ് പൊലീസ് ചീഫുമാർക്ക് ഉള്ളത്. സി.ഐമാർ എസ്.എച്ച്.ഒ ആയതോടെ സ്റ്റേഷൻ ഭരിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അവർക്ക് കഴിയാതായി.