അടിമാലി: കടുത്ത വേനലിൽ തീപിടിത്തങ്ങൾ വ്യാപകമായതോടെ ഫയർ ഫോഴ് വാഹനങ്ങൾക്ക് ഒട്ടും വിശ്രമമില്ല. ആവശ്യമായ ഇന്ധനം നിറയ്ക്കുന്ന കാര്യമേർക്കുമ്പോൾ ജീവനക്കാരുടെ നെഞ്ചിലും തീയാണ്.ഇന്ധനത്തിനായുള്ള തുക ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് അഗ്നിശമന സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്നാശങ്ക.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അടിമാലി,മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകളിലെ ഫയർ എഞ്ചിനുകൾ തലങ്ങും വിലങ്ങും ഓടുകയാണ്. വിവിധ മേഖലകളിൽ വ്യാപകമായി കാട്ടു തീ പടർന്നതോടെ ഫയർ എഞ്ചിനുകൾക്കും ജീവനക്കാർക്കും വിശ്രമമില്ലാത്ത അവസ്ഥയായി.എന്നാൽ എത്ര ദിവസം ഇത്തരത്തിൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് സജീവമായി പ്രവർത്തിക്കാനാകും എന്ന കാര്യത്തിൽ ചില ആശങ്കകൾ ഉയരുന്നുണ്ട്.ഫയർ എഞ്ചിനുകൾക്കുവേണ്ടുന്ന ഇന്ധനത്തിനാവശ്യമായ തുക സർക്കാരിൽ നിന്നും ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസമാണ് ആശങ്കക്കുള്ള അടിസ്ഥാനം.അടിമാലി മൂന്നാർ മേഖലകളിലെ സ്വകാര്യ പമ്പുകളിൽ നിന്നും കടമായിട്ടാണ് വാഹനങ്ങളിൽ ഇന്ധനം നിറച്ചു പോരുന്നത്.ഇന്ധനം നിറച്ച ഇനത്തിൽ വലിയൊരു തുക പമ്പുടമകൾക്ക് നൽകാനുണ്ട്.പമ്പുടമകളുടെ കനിവിൽ കുറച്ചു ദിവസങ്ങൾ കൂടി മുമ്പോട്ട് പോകുമെങ്കിലും പണം നൽകുന്നതിൽ സർക്കാർ ഇനിയും താമസം വരുത്തിയാൽ പ്രശ്നം സങ്കീർണ്ണമാകും.അഗ്നിശമന സേന പോലെ അവശ്യ സർവ്വീസുകൾക്കു വേണ്ടുന്ന ഇന്ധന തുക നൽകാൻ കാലതാമസം വരുത്തരുതെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് ഓരോ സ്റ്റേഷനും ഇന്ധനത്തിനായുള്ള തുക മുൻകൂറായി അനുവദിക്കുന്നത്.പണം നൽകാതെ ഇന്ധനം നൽകാൻ കഴിയില്ലെന്ന് പമ്പുടമകൾ നിലപാടെടുത്താൽ വാഹനങ്ങൾ യൂണിറ്റുകളിൽ നിർത്തിയിടേണ്ടതായി വരും.