കോട്ടയം : പരമ്പരാഗത നാടോടി കലാരൂപങ്ങൾ കോർത്തിണക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കലാമേള ഉത്സവം 2020ന് ഇന്നു തുടക്കം കുറിക്കും. അന്യംനിന്നു പോകുന്ന കേരളീയ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും കലാകാരൻമാർക്ക് അർഹമായ അംഗീകാരം നൽകുന്നതിനും ലക്ഷ്യമിടുന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഏകോപിപ്പിക്കുന്നത്.

കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, വൈക്കം സത്യഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട് എന്നിവയാണ് വേദികൾ. 28 വരെ എല്ലാ ദിവസവും വൈകന്നേരം ആറു മുതലാണ് കലാപരിപാടികൾ. ഇന്നു വൈകന്നേരം 5.30ന് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വൈക്കത്ത് സി.കെ. ആശ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

ഇന്ന് തിരുനക്കരയിൽ ഡോ. ആരതി എസ്.എസ്, അഞ്ചലിന്റെ ഓട്ടംതുള്ളൽ, 23ന് തിരുവനന്തപുരം ഗുരുകൃപ നാടൻ കലാകേന്ദ്രത്തിലെ പ്രബലകുമാരി അവതരിപ്പിക്കുന്ന ചരടുപിന്നിക്കളി, 24ന് സുധീർ മുള്ളൂർക്കര അവതരിപ്പിക്കുന്ന തിരിയുഴിച്ചിൽ, കുട്ടപ്പൻ എസ്. ശൂരനാടിന്റെ പാക്കനാർ കളി, 25ന് തായില്ലം തിരുവല്ലയുടെ നാടൻ പാട്ട്, കോഴിക്കോട് യാസിർ ഗുരുക്കളുടെ ദഫ്മുട്ട് എന്നിവ നടക്കും.
26ന് ഉഷ എൻ.എസ് ചങ്ങനാശേരി അവതരിപ്പിക്കുന്ന കളമെഴുത്തും പുളുവൻ പാട്ടും, സി.പി പ്രമോദ് കണ്ണൂർ അവതരിപ്പിക്കുന്ന നിണബലിയും, 27ന് പി.ശ്യാംകുമാർ കൊട്ടാരക്കരയുടെ കാക്കാരിശ്ശി നാടകവും കാലാച്ചേരിൽ മുഹമ്മദ് സലീം അവതരിപ്പിക്കുന്ന കോൽക്കളിയും 28ന് പ്രൊഫ. വി. ഹർഷകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗവും പി.കെ രവീന്ദ്രന്റെ പൂരക്കളിയും നടക്കും.

വൈക്കത്ത് അംബുജാക്ഷി ആർ. ആറ്റൂർ അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ട്, പുള്ളുവൻപാട്ട്, തിരിയുഴിച്ചിൽ, വർക്കല കെ. സുശീലൻ അവതരിപ്പിക്കുന്ന പാക്കനാർ തുള്ളൽ എന്നിവയാണ് ആദ്യ ദിനമായ ഇന്നു നടക്കുക.

23ന് കണ്ണൂർ ജവഹർ വനിതാ സംഘത്തിന്റെ പൂരക്കളി, പാലക്കാട് കെ.വി. ജയദേവന്റെ തിറയും പൂതനും, 24ന് കോട്ടവട്ടം തങ്കപ്പൻ അവതരിപ്പിക്കുന്ന പൂപ്പടതുള്ളൽ, പല്ലശ്ശന സോഷ്യൽ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കന്യാർകളി, 25ന് പാലക്കാട് രാമചന്ദ്രപുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, 26ന് നെൻമാറ പി.വി. നാരായണന്റെ പൊറാട്ടുകളി, തമ്പി പയ്യപ്പള്ളിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടുനാടകം, 27ന് കടത്തനാട് അഷ്‌റഫ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കളരിപ്പയറ്റും കോൽക്കളിയും, മണലൂർ ഗോപിനാഥിന്റെ ഓട്ടംതുള്ളൽ, 28ന് എൻ.ഷാജിമോൻ പെരിനാടിന്റെ സീതകളി, പനയിൽ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന വേലകളി എന്നിവ നടക്കും.