g-sukumaran-nair

ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർക്ക് 10 ശതമാനം സംവരണം നല്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ജസ്റ്റീസ് ശശിധരൻനായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ കൃത്രിമം കാട്ടാൻ സർക്കാർ ശ്രമിക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആരോപിച്ചു.
അപേക്ഷകനും പങ്കാളിയും പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളും മാതാപിതാക്കളും 18 വയസിൽ താഴെയുള്ള സഹോദരങ്ങളുമാണ് കുടുംബമെന്ന നിർവചനത്തിലുള്ളത്. എന്നാൽ, കുടുംബത്തെ ആശ്രയിച്ചു കഴിയുന്ന 18 വയസ്സിന് മുകളിലുള്ളവരെക്കൂടി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര റൂൾസ് വകുപ്പ് ഉൾപ്പെടുത്തി. അപേക്ഷകനോടൊപ്പം ഒരു വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തിയായ സഹോദരങ്ങളുടെ ഭൂമിയും വരുമാനവും ഇത് പ്രകാരം അപേക്ഷകന്റെ കുടുംബത്തിന്റെ സ്വത്തായും വരുമാനമായും കണക്കാക്കേണ്ടി വരും. ഇത്തരക്കാരില്ലെന്ന് വില്ലേജ് ഓഫീസറെ രേഖാമൂലം ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത കൂടി അപേക്ഷകനുണ്ടാകും. ഭൂവിസ്തൃതി, വരുമാനം എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ നട്ടം തിരിയും. അവ്യക്തതയും പ്രത്യാഘാതങ്ങളുമുണ്ടാക്കുന്ന ഈ കൂട്ടിച്ചേർക്കൽ സാമ്പത്തിക സംവരണം അട്ടിമറിക്കാനുള്ള ഹീനമായ തന്ത്രമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.