വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വൈക്കത്തെ ആദ്യകാല നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.വിശ്വനാഥന്റെ 12ാമത് ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. കയർ തൊഴിലാളികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു കെ.വിശ്വനാഥനെന്ന് വൈക്കം വിശ്വൻ പറഞ്ഞു. വർഗീയതയെ ചെറുത്തു പരാജയപ്പെടുത്തിയാൽ മാത്രമേ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളൂ. പാചകവാതകത്തിന്റെ വില ഒറ്റയടിക്ക് 146 രൂപയാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതോടെ തൊഴിലാളികൾ തൊഴിൽ രഹിതരാവുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വിലയും കിട്ടുന്നില്ല. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്കും പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതിൽനിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതെന്നും വൈക്കം വിശ്വൻ പറഞ്ഞു. മൂത്തേടത്തുകാവിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശൻ, ഏരിയാ സെക്രട്ടറി കെ അരുണൻ, കെ.കുഞ്ഞപ്പൻ, ടി.കെ രൂപേഷ്, കെ.ആർ സഹജൻ എന്നിവർ പ്രസംഗിച്ചു.