വൈക്കം : കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിർമാണത്തിനായി കടുത്തുരുത്തിയിൽ അനുവദിച്ച സ്ഥലത്ത് പരിശോധനകൾ നടത്തുന്നതിനായി ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥയായ മണ്ണുത്തി സർവ്വകലാശാലയിലെ സീനിയർ പ്രൊഫ. സി.ആർ. എത്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചത്. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സലോമി തോമസ്, കൃഷി ഓഫീസർ ആഷ്‌ലി മാത്യു, പി.ഡബ്യൂ.ഡി. ബിൽഡിംഗ് വിഭാഗം അസി. എൻജിനീയർ വിജിത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് 2014ആണ് ആപ്പാഞ്ചിറയിൽ എട്ട് ഏക്കർ സ്ഥലം അനുവദിച്ചത്. കൂടാതെ പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനായി 30 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച സ്ഥലം പാടമായതിനാൽ ഇവിടെ കെട്ടിടം നിർമ്മിക്കണമെങ്കിൽ മണ്ണടിച്ച് ഉയർത്തിയെടുക്കണം. ഇതിനായി റവന്യൂ, കൃഷി, പഞ്ചായത്ത് വകുപ്പുകൾ പരിശോധന നടത്തി മൂന്ന് വകുപ്പുകളുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ അടങ്ങുന്ന വിദഗ്ദ്ധ സമിതി അംഗീകാരം നൽകേണ്ടതുണ്ട്. ഈ ആവശ്യത്തിനായി കുറേ വർഷങ്ങളായി ഇവിടുത്തെ സമിതികൾ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടുകൾ നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ അയച്ച റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ പരിശോധനകൾ നടത്താനാണ് ഉദ്യോഗസ്ഥരെത്തിയത്. സംസ്ഥാന സർക്കാർ നിർദേശിച്ചതനുസരിച്ചാണ് സാമൂഹികാഘാത പഠനത്തിന്റെ തുടർച്ചയായി സ്‌പെഷ്യൽ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് തയാറാക്കി നൽകുന്നതിനായി സമിതിയെ നിയോഗിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ. അറിയിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേന്ദ്രിയ വിദ്യാലയം വെള്ളൂർ എച്ച്.എൻ.എല്ലി.ന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥയിലുള്ള ഈ കെട്ടിടത്തിന്റെ നവീകരണത്തിനായി രക്ഷിതാക്കൾ പത്ത് ലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നു. ഈ തുക ഉപയോഗിച്ചു കെട്ടിടങ്ങളിൽ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി. എച്ച്.എൻ.എല്ലി.ന്റെ കെട്ടിടമായതുകൊണ്ട് എം.എൽ.എ. ഫണ്ടും സർക്കാർ ഫണ്ടും ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ നൽകിയ സംഭാവന ഉപയോഗിച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ നവീകരണം നടപ്പാക്കിയത്.

---

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച സ്ഥലത്ത് പരിശോധനകൾക്കായി എത്തിയ ഉദ്യോഗസ്ഥസംഘം