കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ അമിതാവേശം സി.ബി.ഐക്ക് തിരിച്ചടിയായി. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ആറു പൊലീസുകാരെയും ജാമ്യത്തിൽ വിട്ടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതാണ് വിനയായത്. ഹൈക്കോടതിയുടെ ജാമ്യം നിലനിൽക്കേ വീണ്ടും അറസ്റ്റ് ചെയ്തത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്ത ആറു പൊലീസുകാരെയും ജാമ്യത്തിൽ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടത്. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ സി.ബി.റെജിമോൻ, അസി. സബ് ഇൻസ്‌പെക്ടർ റോയി പി. വർഗീസ്, പൊലീസ് ഡ്രൈവർമാരായ എസ്.നിയാസ്, സജീവ് ആന്റണി, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോംഗാർഡ് കെ.എം.ജയിംസ് എന്നിവരെയാണ് സി.ബി.ഐ ജാമ്യത്തിൽ വിട്ടയച്ചത്. സുപ്രീം കോടതി ഉത്തരവിൻപ്രകാരം കേസിലെ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ്.ഐ കെ.എ സാബുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതോടെയാണ് സാബുവിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐക്ക് കഴിഞ്ഞത്. സുപ്രീം കോടതിയുടെ ആ ഉത്തരവിന്റെ ചുവടുപിടിച്ചാണ് കേസിൽ പ്രതികളായ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെ പൊലീസിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. ഇതോടെയാണ് സി.ബി.ഐയുടെ നടപടി ശരിയല്ലെന്ന് കോടതി കണ്ടെത്തിയതും ജാമ്യത്തിൽ വിടാൻ ഉത്തരവായതും.
അതേസമയം, രാജ്കുമാർ ആരംഭിച്ച ഹരിത ഫിനാൻസ് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്ത കമ്പനിയുടെ സ്റ്റാഫുകളെ സി.ബി.ഐ അടുത്തദിവസം ചോദ്യം ചെയ്യും. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം എവിടെയാണ് മുടക്കിയിരിക്കുന്നതെന്നും കുമളിയിൽ കാറിൽ രാജ്കുമാർ കൊണ്ടുപോയിരുന്ന പണം ആർക്കാണ് കൈമാറിയതെന്നുമാണ് സി.ബി.ഐ പ്രധാനമായും അന്വേഷിക്കുക. ഈ തട്ടിപ്പിന് പിറകിൽ ആരാണെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.