ചിങ്ങവനം: പെണ്ണൊരുമയിൽ വാനംമാന്തി തറകെട്ടി, ചുമരും മേൽക്കൂരയും കെട്ടിപ്പൊക്കി ചാന്തിട്ടു. 56 ദിവസം കൊണ്ട് അമ്മിണിക്ക് വേണ്ടി പിറന്നത് ഒരു സ്വപ്നവീട് . മുപ്പത്താറുകാരി സീമ മുതൽ 73കാരി ലക്ഷ്മിയമ്മ വരെ ഒറ്റക്കെട്ടായി നിന്ന് പണിതുയർത്തിയത് ചരിത്രം കൂടിയാണ്. സംസ്ഥാനത്ത് ആദ്യമായി നഗരസഭ പരിധിയിൽ സ്ത്രീക്കൂട്ടായ്മയിൽ പിറന്ന വീടായി കോട്ടയം ചിങ്ങവനം 36-ാം വാർഡിൽ പുത്തൻപറമ്പിൽ അമ്മിണിയുടേത്.
പ്രധാന മന്ത്രി ആവാസ് യോജന പ്രകാരമാണ് അമ്മിണിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടായത്. ഭർത്താവ് സുകുമാരന് ജോലിക്കുപോകാൻ കഴിയാത്തത്ര ശാരീരികാസ്വസ്ഥതകൾ. അഞ്ച് വർഷം മുൻപുണ്ടായ അപകടത്തിൽ മകൻ അനീഷിന് കാൽ നഷ്ടപ്പെട്ടു. ഭാര്യയും മകളുമുള്ള അനീഷിന്റെ സ്വപ്നം കൂടിയാണ് യാഥാർത്ഥ്യമായത്. വിവിധ പഞ്ചായത്തുകളിൽ സ്ത്രീകൾ ചേർന്ന് വീട് നിർമിച്ചിട്ടുണ്ടെങ്കിലും ഒരു നഗരസഭയിൽ ഇതാദ്യമാണ്. കൗൺസിലർ ലീലാമ്മ മാത്യുവിന്റെ ഇടപെടലാണ് തുണയായത്. നഗരസഭയിൽ നിന്ന് ലഭിച്ച നാലു ലക്ഷം രൂപകൊണ്ട് നിർമാണ സാമഗ്രികൾ വാങ്ങി. തുടർന്ന് 26 തൊഴിലുറപ്പ് തൊഴിലാളികൾ നിർമാണം ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴ കേന്ദ്രമായുള്ള എക്‌സാക്ട് എച്ച്.ആർ.ഡി എന്ന സ്ഥാപനമാണ് മാർഗ നിർദേശം നൽകിയത്. പരിശീലനം നൽകാൻ ഒരു പുരുഷ മേസ്തിരിയും. ഇതിനിടെ വയറിംഗും പഠിച്ചു.
സിമന്റ് കുഴച്ച് പോലും ശീലമില്ലാത്ത സ്ത്രീകൾ വീട് നിർമിക്കാൻ ഒരുങ്ങുമ്പോൾ ബാക്കിയുള്ളവർക്ക് അത്ഭുതമായിരുന്നു. പക്ഷേ, എന്തിനും തയ്യാറായി 26 പേർ നിരന്നപ്പോൾ വാനം മുതൽ വാർപ്പ് വരെയുള്ള കാര്യങ്ങൾ പുഷ്പം പോലെ നടന്നു. 600 സ്ക്വയർ ഫീറ്റിൽ രണ്ട് മുറിയും ഹാളും അടുക്കളയും ബാത് റൂമും ചേർന്നതാണ് വീട്. വീട് നിർമാണം പുതിയ അനുഭവമായെന്നും ഇനി ഇതിലും വലുത് നിർമ്മിക്കാൻ റെഡിയാണെന്നും സ്ത്രീ കൂട്ടായ്മ പറയുന്നു.