കോട്ടയം: കടകളിലേയ്ക്കുള്ള കുപ്പിവെള്ളവും കോളയും മറ്റും കയറ്റി റോഡിലൂടെ പോകുന്ന വാഹനങ്ങൾ കണ്ടിട്ടില്ലേ? പൊരിവെയിലത്ത് ഒരു മൂടി പോലുമില്ലാതെയാണ് വെള്ളക്കുപ്പികൾ അട്ടിയിട്ടിരിക്കുക. വെയിലേറ്റ് കുപ്പിയിലെ പ്ളാസ്റ്റിക് വെള്ളത്തിൽ അലിഞ്ഞു ചേരുന്നുണ്ടെന്ന് ആരും ഒാർക്കാറില്ല.
ദാഹിക്കുമ്പോൾ ഈ കുപ്പിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. ചിലപ്പോൾ കാൻസർ അടക്കമുള്ള മാരകരോഗങ്ങളാകാം അതു വരുത്തിവയ്ക്കുന്നത്. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളം ശുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുമ്പോഴും കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റത്തെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പ്ളാന്റിൽ നിന്ന് കടകളിലേയ്ക്ക് കൊണ്ടുപോകുംവഴി വെയിലേറ്റ് പൊള്ളുന്ന പ്ളാസ്റ്റിക് കുപ്പിയിലെ വെള്ളം അപകടകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
വെയിലേറ്റ് ചൂടായ വെള്ളം പെട്ടെന്ന് ഫ്രിഡ്ജിലേയ്ക്ക് വച്ച് തണുപ്പിച്ചാണ് തരുന്നത്. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് രോഗങ്ങൾക്കു വഴിതെളിക്കും. സ്ഥിരമായി കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്നു തന്നെയാണു വിദഗ്ധർ പറയുന്നത്.
പ്ളാസ്റ്റിക്കും പശയും വില്ലൻ
പോളിഎത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കുടിവെള്ള കുപ്പികൾ നിർമിക്കുന്നത്. കുപ്പി നിർമാണം ലാഭകരമാക്കാൻ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ചേർക്കും. ശുദ്ധമായ പ്ലാസ്റ്റിക്കാണെങ്കിൽ കൂടി ചൂടേറ്റാൽ ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കും. ഇത്തരം കുപ്പിവെള്ളം വെയിലേൽക്കുമ്പോൾ ചൂടായി പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങും. പ്രത്യക്ഷത്തിൽ കണ്ടെത്താൻ കഴിയില്ല. കുപ്പിയുടെ പുറത്തു പോളിഎത്തിലീൻ ഉപയോഗിച്ചുള്ള ലേബൽ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോൾ പശയും നേരിയ തോതിൽ വെള്ളത്തിൽ ആഗിരണം ചെയ്യപ്പെടും.
പരിശോധനയില്ല
ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളം കടകളിൽ നിന്ന് പിടിച്ചെടുത്തല്ല, ഗുണമേൻമാ പരിശോധന നടത്തുന്നത്. ഗോഡൗണിൽ നിന്നാണ്. കോട്ടയത്ത് നിന്ന് പരിശോധനയ്ക്ക് അയച്ച കുടിവെള്ളം ശുദ്ധമാണെന്ന റിപ്പോർട്ടാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ വെയിലേറ്റ് രാസമാറ്റം സംഭവിച്ച കുപ്പിവെള്ളം പരിശോധിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു റിപ്പോർട്ട് ലഭിക്കുമായിരുന്നില്ല.
പാലിക്കാത്ത നിർദേശങ്ങൾ
കുപ്പിവെള്ളം വിതരണം ചെയ്യേണ്ടത് മൂടിയുള്ള വാഹനങ്ങളിൽ
തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോൾ വെയിലേൽക്കരുത്
''വെയിലത്തും കാറിനുള്ളിലും സൂക്ഷിക്കുന്ന വെള്ളത്തിന് രുചിവ്യത്യാസമുണ്ടാകാൻ കാരണം പ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യമാണ്. വെള്ളത്തിനൊപ്പം പ്ളാസ്റ്റികും ഉള്ളിൽ ചെല്ലും. ഇത് മാരക രോഗങ്ങൾക്ക് ഇടയാക്കും''
- ഡോ.പുന്നൻ കുര്യൻ വേങ്കിടത്ത്, പ്രിൻസിപ്പൽ, മണർകാട് സെന്റ് മേരീസ് കോളേജ്