വെള്ളൂർ : മൂവാറ്റുപുഴയാറിന്റെ തീരങ്ങളിൽ അനധികൃത കൈയ്യേറ്റം വ്യാപകമാകുന്നു. ആറ്റിൽ സ്വഭാവിക നീരൊഴുക്കിന് തടസം സൃഷ്ടിച്ച് ചിറപിടിപ്പിക്കും. അതിനു ശേഷം അതിൽ മണ്ണടിച്ച് നിരപ്പാക്കി കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്. കൃത്രിമമായി ചിറകൾ പിടിപ്പിക്കുന്നതുമൂലം പുഴയുടെ വിസ്തൃതി കുറയുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ചിറപ്പിടിപ്പിക്കുന്നതിന്റെ എതിർ ദിശയിലെ കരയിൽ അടിയൊഴുക്കും ഓളമടിക്കലും ഇതേ തുടർന്ന് ശക്തമാകുന്നത് മൂലം ആറ്റുതീരം ഇടിയുന്നതും പതിവാകുന്നു. മൂവാറ്റുപുഴയാറിന്റെ തീരത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ആറിനെ സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.