വൈക്കം : വല്ലകം ക്ഷീരോല്പാദക സഹകരണ സംഘത്തിനെതിരെ നടത്തുന്ന ദുഷ്പ്രചരണം അടിസ്ഥാന രഹിതമെന്ന് കേരള കർഷക സംഘം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3600ൽ പരം ക്ഷീരസംഘങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന അഞ്ച് സംഘങ്ങളിൽ ഒന്നും സംസ്ഥാന ജില്ലാതലങ്ങളിൽ നിരവധി അംഗീകാരങ്ങൾ വാങ്ങുകയും ഓഡിറ്റ് പരിശോധനയിൽ തുടർച്ചയായി എ ക്ലാസ്സ് നിലനിർത്തുകയും ചെയ്യുന്ന സംഘമാണ് വല്ലകം ക്ഷീരോല്പാദക സംഘമെന്നും സംഘത്തിന്റെ വളർച്ചയിൽ അസൂയപൂണ്ട ചിലർ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതവും സംഘത്തെ തകർക്കുവാനുള്ള ബോധപൂർവ്വമായ ശ്രമവുമാണെന്ന് കർഷകസംഘം ആരോപിച്ചു. ഉദയനാപുരം പഞ്ചായത്തിൽ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതി വൻ വിജയവുമായിരുന്നു. 280 ഓളം ഗുണഭോക്താക്കൾക്ക് 1.15 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി നൽകുവാനും പാലുല്പാദനം ഇരട്ടിയാക്കി വർദ്ധിപ്പിക്കുവാനും സാധിച്ചുവെന്നും ക്ഷീരഗ്രാമം പദ്ധതിക്കായി പ്രവർത്തിച്ച എം. എൽ. എയെ വകുപ്പ് മന്ത്രി പ്രത്യേകം അഭിനന്ദിച്ചത് ഇതിന്റെ തെളിവാണെന്നും കേരള കർഷക സംഘം ഉദയനാപുരം മേഖല പ്രസിഡന്റ് ജി.രവികുമാർ, സെക്രട്ടറി എം.കെ.സുഗുണൻ എന്നിവർ പറഞ്ഞു.