-bishop-franco-mulakkal

കോട്ടയം: കന്യാസ്ത്രീയ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം തുടങ്ങാനിരിക്കേ, ഫ്രോങ്കോയുടെ ലൈംഗിക ചൂഷണം സംബന്ധിച്ച് മറ്റൊരു കന്യാസ്ത്രീയുടെ സാക്ഷി മൊഴി പുറത്തായി. കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് ഫ്രാങ്കോ കടന്ന് പിടിച്ചെന്നതുൾപ്പെടെയുള്ള മൊഴി നൽകിയത്. എന്നാൽ,​ സഭയിൽ തുടരേണ്ടതിനാൽ കേസ് എടുക്കേണ്ടെന്നും മൊഴി നൽകുമ്പോൾ ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. നാലു പേജുള്ള മൊഴിയിൽ കന്യാസ്ത്രീ പേരെഴുതി ഒപ്പു വച്ചിട്ടുണ്ട്. കേസ് എടുക്കാതിരുന്നത് കന്യാസ്ത്രീ വേണ്ടെന്ന് പറഞ്ഞതിനാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

കന്യാസ്ത്രീയുടെ മൊഴി
'' 2015ൽ ബീഹാറിൽ ജോലി ചെയ്യുമ്പോൾ ബിഷപ്പ് ഫ്രാങ്കോ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചു. എനിക്കത് അറുപ്പും വെറുപ്പുമുണ്ടാക്കിയെങ്കിലും ബിഷപ്പ് അത് തുടർന്നു. പിന്നീട് രണ്ട് പേരുടെയും ശരീരഭാഗങ്ങളെക്കുറിച്ച് വർണിച്ച് വീഡിയോ ചാറ്റിംഗ് നടത്തി. രൂപതയുടെ പിതാവായതിനാൽ മറുത്ത് പറയാൻ ഭയമായിരുന്നു. 2017ൽ കേരളത്തിലേക്ക് വന്നു. ഏപ്രിലിൽ കേരളത്തിലെ മഠത്തിലെത്തിയ ഫ്രാങ്കോ രാത്രി 10ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ച് ബീഹാറിലുണ്ടായ മറ്റൊരു വിഷയത്തെ പറ്റി സംസാരിച്ചു. പോകാൻ തുടങ്ങുമ്പോൾ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മവച്ചു. ബിഷപ്പായതിനാൽ ഭയപ്പെട്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നത് ''.