പാലാ: പുലിയന്നൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ടുത്സവം ഇന്ന് നടക്കും. രാവിലെ 9ന് കാണിയക്കാട് കൊട്ടാരത്തിലേക്ക് ഊരു വലം എഴുന്നള്ളത്തുണ്ട്. താമരക്കുളം വള്ളിച്ചിറ വഴിയാണ് എഴുന്നള്ളത്ത്. അവിടെ പറ നിറച്ച ശേഷം ഊരാശ്ശാല, പൂതക്കുന്ന്, ആശ്രമം കവല വഴി തിരിച്ചെത്തി അൽപ്പം വിശ്രമിച്ച ശേഷം വൈകിട്ട് 5 മണിയോടെ ഭഗവാൻ ആറാട്ടിന് പുറപ്പെടും. മീനച്ചിലാറ്റിലാണ് ആറാട്ട്. മാതംഗരാജൻ ഗുരുവായൂർ ഇന്ദ്രസെൻ ഭഗവാന്റെ തിടമ്പേറ്റും. തൃശൂർ പൂരം മേളപ്രമാണിമാരുടെ നേതൃത്വത്തിൽ ആറാട്ട് പുറപ്പാട് മേളവും കുടമാറ്റവും നടക്കും. 7.15 മുതൽ നാദസ്വരക്കച്ചേരി, 9.15ന് സംഗീത സദസ്സ്, 11.30-ഓടെ ആറാടിയെത്തിയ മഹാദേവന് എതിരേൽപ്പ്. തുടർന്ന് ദീപക്കാഴ്ച, കൊടിമരച്ചുവട്ടിൽ പറ, ആറാട്ടുവിളക്ക്, വലിയ കാണിക്ക എന്നിവയോടെ ഇത്തവണത്തെ ഉത്സവം സമാപിക്കും. അടുത്ത ഉത്സവാഘോഷത്തിനായി ഒരാണ്ടിന്റെ കാത്തിരിപ്പിലേക്കാണിനി ഭക്തർ.