പാലാ: നാടൊട്ടുക്ക് ഇന്നലെ ശിവരാത്രി ആഘോഷിച്ചു. പഞ്ചാക്ഷരീ മന്ത്രവുമായി ഇന്നലെ രാത്രി മുഴുവൻ ഉറക്കളച്ച ഭക്തർ ഇന്നു പുലർച്ചെയുള്ള ശിവദർശനം കൂടി കഴിഞ്ഞാണ് വീടുകളിലേക്ക് മടങ്ങിയത്. ശിവരാത്രിയോടനുബന്ധിച്ച് പ്രധാനക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ പൂജകൾ, ശിവപുരാണപാരായണം, അഖണ്ഡനാമജപം, എഴുന്നളളത്ത്, കാവടി ഘോഷയാത്ര, കലാപരിപാടികൾ, മഹാശിവരാത്രി പൂജ എന്നിവ നടന്നു. മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ മഹാദേവക്ഷേത്രത്തിലായിരുന്നു ഏറ്റവും പ്രധാന ആഘോഷം. ഇന്നലെ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, 9ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര, 11 മുതൽ ആരംഭിച്ച മഹാ പ്രസാദമൂട്ട് വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു. വൈകിട്ട് കാഴ്ച്ച ശ്രീബലി,വേല സേവ,10 മുതൽ ചലച്ചിത്ര നടി മഹാലക്ഷ്മിയുും സംഘവും അവതരിപ്പിച്ച നൃത്തശിൽപ്പം,12 മുതൽ ശിവരാത്രിപൂജ.എന്നിവ നടന്നു.

പൂവരണിമഹാദേവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് സംഗീതസദസ് , ഭക്തിഗാനാഞ്ജലി, രാത്രി 12ന് ശിവരാത്രി പൂജ, എഴുന്നള്ളത്ത് എന്നിവയുണ്ടായിരുന്നു.

ചേർപ്പുങ്കൽ പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ രാവിലെ പറയെടുപ്പ്, കാവടി ഘോഷയാത്ര, ഉച്ചക്ക് പ്രസാദമൂട്ട്, വൈകിട്ട് ഭസ്മക്കാവടി,, വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക, ഡിജെ ശിങ്കാരിമേളം, ശിവരാത്രി പൂജ എന്നിവ നടന്നു.

വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, ശ്രീഭൂതബലി, കാവടിഘോഷയാത്ര, പ്രസാദമൂട്ട് കാഴ്ചശ്രീബലി, നൃത്തനൃത്യങ്ങൾ, ഗാനമേള, അഷ്ടാഭിഷേകവും ശിവരാത്രി പൂജയും, വിളക്കിനെഴുന്നള്ളിപ്പ്, ആൽത്തറയിലേക്ക് എഴുന്നള്ളത്ത് എന്നിവ നടന്നു.

അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ശ്രീബലി എഴുന്നള്ളിപ്പ്, കാവടിഘോഷയാത്ര, തിരുവാതിരകളി, ശിവപാർവതി നൃത്ത ശില്പവും പാലാഴിമഥന ദൃശ്യാവിഷ്‌കാരവും, ബാലെയുമുണ്ടായിരുന്നു. രാത്രി 12 മുതൽ അഷ്ടാഭിഷേകം,ശിവരാത്രി പൂജയും , ഒന്നിന് എഴുന്നള്ളിപ്പ് തുടർന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന് വരവേൽപ്പ്, വലിയകാണിക്കയും നടത്തി.
പാലാ ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, രാമപുരം പള്ളിയാംമ്പുറം മഹാദേവക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, ഇടമറ്റം പങ്കപ്പാട് മഹാദേവ ക്ഷേത്രം, കിടങ്ങൂർ ശിവപുരം മഹാദേവക്ഷേത്രം, കിടങ്ങൂർ ഉത്തമേശ്വരം ക്ഷേത്രം, ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകളോടെ ശിവരാത്രി ആഘോഷിച്ചു.