kumbakudam

വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോൽസവത്തിന് മുന്നോടിയായി വൈക്കം വണിക വൈശ്യ സംഘം 27-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഊരുചു​റ്റ് കുംഭകുടം ആരംഭിച്ചു. കിഴക്കേനട മുത്താരമ്മൻ കാവിൽ നടന്ന ചടങ്ങിൽ കാളിയമ്മനട ദേവി ക്ഷേത്രത്തിലെ വെളിച്ചപാട് ജയൻ വെളിയംപള്ളിൽ ദീപ പ്രകാശനം നടത്തി. ഭാരവാഹികളായ ചന്ദ്രദാസ്, ഗിരി വി. ആർ, വേലായുധൻ, എ. സോമശേഖരൻ, ആർ രാജേഷ്, എം. പ്രമോദ് എം. എസ്. മഹാദേവൻ എന്നിവർ പങ്കെടുത്തു. ഊരുചു​റ്റൽ 28 ന് സമാപിക്കും. 29 നാണ് കുംഭഭരണി. കുംഭ ഭരണിക്ക് 9 ദിവസം മുൻപ് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയ ശേഷം കുംഭകുടവുമായി ഊരുചു​റ്റി ഭരണി നാളിൽ മുത്തേടത്തുകാവ് ദേവിക്ക് കുംഭകുടം സമർപ്പിക്കും. കുംഭഭരണി ദിവസം വൈകിട്ട് 3.10 ന് മുത്താരമ്മൻ കാവിൽ നിന്നും കുംഭകുട കുത്തിയോട്ടം ആരംഭിക്കും. 4 ന് വൈക്കം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 5 മണിക്ക് തെക്കേനട കാഞ്ഞിരച്ചുവട്ടിൽ കുത്തിയോട്ട ചൂണ്ടകോർക്കൽ നടത്തും. തുടർന്ന് ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുംഭകുടങ്ങൾ മൂത്തേടത്തുകാവിലേക്ക് പുറപ്പെടും. തോട്ടുവക്കത്ത് എത്തുന്നതോടെ ദേവിയുടെ പ്രതിപുരുഷനായ കോമരം ഉറഞ്ഞു തുള്ളി കുംഭകുടഘോഷയാത്രയെ എതിരേ​റ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തിലെ വലിയ ഗുരുതിക്ക് കുംഭകുടങ്ങളിൽ കൊണ്ടുവരുന്ന ഗുരുതിയാണ് ഉപയോഗിക്കുക.
വൈക്കത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ പകർച്ച വ്യാധി ദേവിയുടെ അനുഗ്രഹം കൊണ്ട് ഇല്ലാതായ സാഹചര്യത്തിൽ വിൽപാട്ടോടെ ദേവിയെ മൂത്തേടത്ത് കാവിൽ കുടിയിരുത്തി, പകർച്ച വ്യാധി നടന്ന പ്രദേശത്തിന്റെ ഊരുച്ചുറ്റും കുത്തിയോട്ടവും ഗുരുതിയും നടത്തിയതായാണ് വിശ്വാസം.
കുംഭഭരണി ദിനമായ 29 ന് മുത്താരമ്മൻ കോവിലിൽ രാവിലെ 6 ന് പാരായണം 1.30 ന് പമ്പ മേളം 2 ന് വിൽപ്പാട്ട് 3ന് കുടംപൂജ.