renjili
രഞ്ജിലി

അടിമാലി: കുട്ടികളെ ഉറക്കി കിടത്തിയ ശേഷം കാമുകനോടൊപ്പം പോയ അടിമാലി മുത്താരം കുന്ന് കണ്ണന്തറയിൽ വർഗീസിന്റെ ഭാര്യ രഞ്ജിലി (26) ജുവൈനൽ ആക്ട് പ്രകാരം അറസ്റ്റ്ചെയത് റിമാൻഡിൽ ജയിലിലടച്ചു.
ഇൗമാസം 15 ന് ആറും നാലും വയസുള്ള രണ്ട് ആൺകുട്ടികളെ ഉറക്കി കിടത്തിയ ശേഷം വൈകിട്ട് ആറുമണിയോടെ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു രഞ്ജിലിയും ഭർത്താവും താമസിച്ചിരുന്നത്. ഏതാനും മാസം മുമ്പ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യവെ പരിചയപ്പെട്ട വടക്കഞ്ചേരി സ്വദേശിയും അവിവിഹിതനുമായ ദീപു(25)വുമായി യുവതി പ്രണയത്തിലായി. ഭർത്താവ് ജോലി സംബന്ധമായി കാന്തല്ലൂരിൽ പോയപ്പോഴാണ് കുട്ടികളെ ഉപേക്ഷിച്ച് കടന്നത്.
രഞ്ജിലിയുടെ മാതാവ് അടിമാലി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് വടക്കഞ്ചേരിയിലുള്ള ദീപുവിന്റെ വീട്ടിൽ നിന്ന് യുവതിയെ കസ്റ്റഡിയിലെടുത്തു. കമിതാക്കൾ ഇതിനോടകം ക്ഷേത്രത്തിൽ വച്ച് വിവാഹിതരുമായി. യുവതിക്ക് കുട്ടികളുള്ള വിവരം ദീപു സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കൾക്ക് എതിരെ ജുവനൈൽ നിയമപ്രകാരം മൂന്നു വർഷം വരെ തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറഞ്ഞു.വിയ്യൂർ ജയിലിലാണ് രഞ്ജിലി ഇപ്പോൾ.
അടിമാലി സ്റ്റേഷനിൽ ജുവൈനൽ ആക്ട് പ്രകാരം ചാർജ് ചെയ്ത ആദ്യ കേസാണിത്.എസ്.ഐ സി ആർ സന്തോഷ് , എസ്. സി.പി.ഒ മാരായ എം.യു അജിത്ത്, നിഷാ പി മങ്ങാട്ട്, നീൽ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.