പാലാ: അധികാരികളെ, ഒരു നിമിഷം; ഏറ്റുമാനൂർ പാലാ ഹൈവേയിൽ അരുണാപുരം മരിയൻ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് നിങ്ങളൊന്ന് ചെല്ലണം. ഇവിടെ 10 മിനിട്ട് തികച്ചു നിന്നാൽ അപകടമൊഴിവായതിന് നിങ്ങളും ദൈവത്തെ സ്തുതിക്കും; കാരണം ഇവിടെ നിങ്ങൾ തന്നെ സൃഷ്ടിച്ച ഒരു അപകടക്കെണിയുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിച്ച ബൈപാസിന്റെ തുടക്കവും ഇവിടം ആയതോടെ അപകട ഭീഷണി ഏറുകയാണ്. ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന ബസുകളിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാനും പാലാ, ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കയറുന്നതിനുമായി ബസുകൾ നിറുത്തുന്നത് ബൈപ്പാസിന്റെ തുടക്കത്തിലുള്ള വളവിലാണ്. പാലായിൽ നിന്നും ബൈപ്പാസിലൂടെ കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളും, മരിയൻ ആശുപത്രി, ശ്രീരാമകൃഷ്ണാശ്രമം, പി.ഡബ്ലൂ.ഡി. ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളും ഈ ജംഗ്ഷനിലേക്ക് വരും. സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റി യാത്ര പുറപ്പെടാനൊരുങ്ങുന്ന ബസിന് മുന്നിലേക്കാണീ വാഹനങ്ങൾ എത്തിപ്പെടുക. മിക്ക സമയത്തും ഇവിടെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും തിരക്കുമുണ്ട്. ബസുകൾ ഈ സ്റ്റോപ്പിൽ നിറുത്തിയിട്ടുള്ളത് ബൈപാസ് റോഡിൽ നിന്നും, മരിയൻ ആശുപത്രിയിൽ നിന്നും ഏറ്റുമാനൂർ ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് കാണുവാനും സാധിക്കില്ല. ഇങ്ങനെ കടന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുവാനുള്ള സാദ്ധ്യതയേറെയാണ്. കോട്ടയം ഭാഗത്തേയ്ക്കുള്ള ബസുകൾ മറുവശത്തു കൂടി നിറുത്തിയിടുന്നതോടെ സംഗതി ആകെ ഗുലുമാൽ ! പാലായ്ക്കുള്ള ബസുകൾ ഈ സ്റ്റോപ്പിൽ നിറുത്തിയിടുമ്പോൾ കോട്ടയം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇതിനു പിന്നാലെ ഗതാഗത കുരുക്കിലും പെടുന്നു. ബൈപ്പാസിലേക്ക് വളവ് ആയതിനാൽ ഇവിടെ ഓവർ ടേക്കും പറ്റാത്തതാണ് ഗതാഗതക്കുരുക്കുണ്ടാകാൻ കാരണം.
പൊതുമരാമത്തുവകുപ്പ് ഓഫീസിന്റെ കൺമുൻപിൽ സ്ഥിതി ചെയ്യുന്ന ഈ അപകട വളവ് അധികാരികളാവട്ടെ ഗൗരവത്തോടെ കാണുന്നുമില്ല.
ബൈപ്പാസും കൂടി പൂർത്തിയായതോടെ ഇതുവഴി രാത്രി പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണെത്തുന്നത്. പലപ്പോഴും അപകടങ്ങളിൽ നിന്നും പലരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് പതിവെന്ന് സമീപത്തെ ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
3 മാസം; 5 അപകടങ്ങൾ
കഴിഞ്ഞ 3 മാസത്തിനിടെ നാലഞ്ച് അപകടങ്ങൾ ഇവിടെ ഉണ്ടായി. വാഹനങ്ങളുടെ വേഗത കുറവായിരുന്നതിനാൽ പലരും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു
ബസ് സ്റ്റോപ്പ് കുറച്ചു മുന്നോട്ടു മാറ്റണം
അരുണാപുരത്തെ അപകടക്കെണി ഒഴിവാക്കാൻ ബസ് സ്റ്റോപ്പ് പാലാ റൂട്ടിൽ 50 മീറ്ററെങ്കിലും മുന്നോട്ടു മാറ്റണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ഡബ്ലൂ.ഡി. അധികാരികൾക്ക് തിങ്കളാഴ്ച പരാതി നൽകും.
--- ജോയി കളരിക്കൽ, പ്രസിഡന്റ്, പാലാ പൗരാവകാശ സമിതി