പൊൻകുന്നം: കഴിഞ്ഞ വർഷം ശിവരാത്രിനാളിൽ പൊൻകുന്നം ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച നർത്തകി റോഷൻ തോമസ് നിധീരി ഇന്നലെ അതേ വേദിയിൽ വൈവിദ്ധ്യമാർന്ന പ്രകടനങ്ങളുമായി വീണ്ടുമെത്തി. കഴിഞ്ഞ വർഷം അരങ്ങേറ്റ വേദിയിലെത്തിയ റോഷൻ തോമസ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരുന്നെങ്കിൽ ഇന്നലെ അരങ്ങിലെത്തിയത് തൊടുപുഴ സെഷൻസ് സബ് ജഡ്ജിയാണ്.കലാജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉയരങ്ങളിലെത്തി ഒരേപോലെ തിളങ്ങുന്ന റോഷൻതോമസ് നിധീരി ഭരതനാട്യത്തിലൂടെ പകർന്നാടിയ വിവിധ ഭാവങ്ങൾ ആസ്വാദകരുടെ മനം കവരുന്നതായി. പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിലെ രുഗ്മിണീ ലാലിന്റെ ശിക്ഷണത്തിലാണ് റോഷൻ നൃത്തം അഭ്യസിച്ചത്. പത്തുവർഷം മുൻസിഫും ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടുമായി സേവനമനുഷ്ഠിച്ച റോഷൻ കഴിഞ്ഞവർഷമാണ് തൊടുപുഴ സബ് ജഡ്ജിയായി സ്ഥാനക്കയറ്റം നേടിയത്. ഭർത്താവ് കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസ് നിധീരിയുടെ പിന്തുണയും നൃത്തപഠനത്തിന് തുണയായി. വിദ്യാർത്ഥികളായ ജോസഫ് ജോൺ നിധീരി, തോമസ് ജോൺ നിധീരി എന്നിവരാണ് മക്കൾ. ഈ വർഷം ഡോ.പൂജാമേരി സെബാസ്റ്റ്യനും മറ്റ് നിരവധി പ്രതിഭകളും രുഗ്മിണിലാലിന്റെ ശിക്ഷണത്തിൽ അരങ്ങിലെത്തി.