പൊൻകുന്നം: ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി.നിർമിക്കുന്ന പൊൻകുന്നം-പുനലൂർ റോഡിലെ പ്ലാച്ചേരി റീച്ചിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് 4.30ന് മന്ത്രി ജി. സുധാകരൻ പൊൻകുന്നത്ത് നിർവഹിക്കും. ഡോ. എൻ.ജയരാജ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., രാജു എബ്രാഹം എം.എൽ.എ. എന്നിവർ പങ്കെടുക്കും.പുനലൂർ-കോന്നി 29.84 കിലോമീറ്റർ, കോന്നി-പ്ലാച്ചേരി 30.16 കിലോമീറ്റർ, പ്ലാച്ചേരി-പൊൻകുന്നം 22.173 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് മേഖലയായാണ് നിർമാണം നടത്തുന്നത്. ഏഴുമീറ്റർ വീതിയിൽ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ ടൈൽപാകിയ വശവും ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. പൊൻകുന്നം-പ്ലാച്ചേരി റീച്ചിൽ 69 കലുങ്കുകൾ പുനർ നിർമ്മിക്കും. 3.613 കീ.മീറ്റർ ടൈൽ പാകിയ നടപ്പാത, 34 മൈനർ ജംഗ്ഷനുകളുടെ നവീകരണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂലേപ്ലാവ് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കും. രണ്ട് ചെറിയ പാലങ്ങൾ പുനർനിർമ്മിക്കും. മണിമല പാലത്തിന് സമാന്തര നടപ്പാലം, 16 ബസ് ഷെൽട്ടർ, 6180 മീറ്റർ സംരക്ഷണഭിത്തി എന്നിവയും പദ്ധതിയിലുണ്ട്.