rafeek

കോട്ടയം: ഒ.എൽ.എക്‌സ് വഴി വാടകയ്‌ക്കെടുത്ത കാറുകൾ തമിഴ്‌നാട്ടിലെ അൽഉമ്മ തീവ്രവാദി സംഘടനയ്‌ക്ക് കൈമാറിയ കേസിൽ പ്രധാന പ്രതി പിടിയിൽ. കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിലെ പ്രതിയും അൽഉമ്മ തീവ്രവാദിയുമായ കോയമ്പത്തൂർ കുനിയമ്മുത്തൂർ ഉക്കടം സ്വദേശി ഭായി റഫീഖിനെയാണ് (മുഹമ്മദ് റഫീഖ്) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഒാഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം പിടിയിലായ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ കെ.എ നിഷാദ് (37) എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു 11 കാറുകൾ മോഷണ‌ം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇല്യാസിനെയും നിഷാദിനെയും പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നാണ് റഫീഖിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി. ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്തു നിന്നുമാണ് വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത്, എ.എസ്.ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് .ടി.ജെ, സുദീപ് .സി, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവർ റഫീഖിനെ പിടികൂടിയത്. ഇയാൾ വീട്ടിൽ നിന്നു പുറത്തിറങ്ങുന്ന സമയം നോക്കി കാത്തു നിന്ന് പിടികൂടുകയായിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് ഇയാളുടെ അനുയായികൾ സംഘം ചേർന്നെങ്കിലും സാഹസികമായി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ കടത്തിയതിനും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിനും റഫീഖിനെതിരെ കേസുണ്ട്.

അൽ ഉമ്മ കമാൻഡർ മുജീറിന്റെ സഹോദരൻ

1998 ഫെബ്രുവരി 14 ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിലെ പ്രതിയും അൽ ഉമ്മ കമാൻഡറുമായ മുജീറിന്റെ സഹോദരനുമാണ് റഫീഖ്. മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരണമടയുകയായിരുന്നു. കോയമ്പത്തൂർ സ്‌ഫോടനത്തിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട റഫീഖ് 2008 ൽ പുറത്തിറങ്ങി.