കൊടുങ്ങൂർ:എസ്.എൻ.ഡി.പി.യോഗം 1145ാം നമ്പർ വാഴൂർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ രജതജൂബിലി ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിയുടെ നിർവൃതിയിൽ വർണ്ണവിസ്മയമായി. കൊടുങ്ങൂർ ദേവീക്ഷേത്രാങ്കണത്തിൽനിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് ക്ഷേത്രം തന്ത്രിയും മേൾശാന്തിയും ചേർന്ന് ഭദ്രദീപം തെളിച്ചു നൽകി.വനിതാസംഘവും യൂത്ത്മൂവ്‌മെന്റും കുടുംബയോഗങ്ങളും സംയുക്തമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.ഹരിപ്പാട് പകൽപ്പൂര സമിതിയുടെ വാദ്യമേളങ്ങളും നിരവധി കലാരൂപങ്ങളും അകമ്പടിയായെത്തിയ ഘോഷയാത്രയെ വരവേൽക്കാൻ റോഡിനിരുവശങ്ങളിലുമായി വൻ ജനാവലിയെത്തി.ഗുരുദേവപ്രതിഷ്ഠ രജതജൂബിലി സമ്മേളനം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ്‌ കോനാട്ട് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ബി.സലികുമാർ അദ്ധ്യക്ഷനായി.തുടർന്ന് കുണ്ഡലിനിപാട്ട് നൃത്താവിഷ്‌ക്കാരം,തിരുവാതിര,സംഗീതാർച്ചന പ്രദർശന കളരി അഭ്യാസംകാഴ്ചഅങ്കം.കുടുംബയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.