vakathaam

ചങ്ങനാശേരി: പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതായി പരാതി. മാടപ്പളളി ഇടപ്പള്ളി മങ്കാട്ട് ശ്രീനിവാസിനാണ് (30) പരിക്കേറ്റത്. ഇയാളെ വാകത്താനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. വേനൽ ആയതോടെ വാട്ടർ അതോറിട്ടിയുടെ ടാങ്കിൽ വെള്ളം കുറവായതിനാൽ ഒരു വീടിന് രണ്ട് ബക്കറ്റ് എന്ന കണക്കിലാണ് വെള്ളം ടാപ്പിൽ നിന്ന് എടുത്തു കൊണ്ടിരുന്നത്. എന്നാൽ സമീപവാസി പതിവായി നാലു ബക്കറ്റ് വെള്ളമെടുക്കുന്നതിനെക്കുറിച്ച് താൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് ശ്രീനിവാസ് പറയുന്നു. തുടർന്ന് സമീപവാസിയും ബന്ധുക്കളും വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എസ്.സി പ്രമോട്ടറാണ് പരിക്കേറ്റ ശ്രീനിവാസ്.