കോട്ടയം: നഗരത്തിൽ റോഡുകളിൽ അനധികൃത കയ്യേറ്റം വ്യാപകമാകുന്നു. മാർക്കറ്റ് റോഡിലും ടിബി റോഡിലും, ശാസ്ത്രി റോഡിലും അടക്കമാണ് റോഡ് കയ്യേറിയിരിക്കുന്നത്. ചന്തക്കവലയിൽ നിന്നും മാർക്കറ്റിനുള്ളിലേയ്‌ക്കു ടിബി റോഡിലേയ്‌ക്കു കയറുന്ന ഭാഗത്താണ് വ്യാപകമായി പച്ചക്കറികടകൾ അടക്കം റോഡ് കയ്യേറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചിരുന്നു. ആവശ്യത്തിന് വീതിയുണ്ടെങ്കിലും, റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് ഇവിടെ കയ്യേറ്റം. കഷ്‌ടിച്ച് ഒരു സ്വകാര്യ ബസിനു മാത്രം കടന്നു പോകാനുള്ള വീതി മാത്രമാണ് ഇവിടെയുള്ളത്.
കോട്ടയം നഗരത്തിൽ ഏറ്റവും കൂടുതൽ കയ്യേറ്റമുള്ള സ്ഥലമാണ് ചന്തക്കടവിലെ എം.എൽ റോഡ്. ഇവിടെയാണ് അനധികൃതമായി റോഡിലേയ്‌ക്ക് ഇറക്കി വച്ച് കച്ചവടം നടത്തുന്നത്. നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും, നഗരസഭ അംഗങ്ങളുടെയും മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ അനധികൃതമായി കടയിൽ നിന്നുള്ള സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം നടത്തുന്നത്. പേരിനു പോലും മാർക്കറ്റിലെ റോഡുകളിൽ പരിശോധന നടത്താൻ പോലും നഗരസഭ അധികൃതർ തയ്യാറാകുന്നില്ല. നഗരസഭ ആരോഗ്യ വിഭാഗമാണ് ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നത്. റോഡിലേയ്‌ക്കു സാധനങ്ങൾ ഇറക്കി വച്ച് കച്ചവടം നടത്തുന്നവർ വൻ സ്വാധീനമുള്ളവരാണ്. അതുകൊണ്ടു തന്നെ ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
എം.സി റോഡിൽ ചങ്ങനാശേരി ഭാഗത്തേയ്‌ക്കുള്ള സ്വകാര്യ ബസുകൾ കടന്നു പോകുന്നത് മാർക്കറ്റിനുള്ളിലൂടെയാണ്. ഇവിടെ ചന്തക്കവലയിൽ ബസ് നിർത്തിയാണ് ഇവിടെ യാത്രക്കാരെ കയറ്റുന്നത്. ഇവിടെ ഒരു ബസ് നിർത്തിയാൽ പിന്നെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ മാർഗമില്ല. ഇത്തരത്തിലാണ് സാധനങ്ങളുമായി റോഡ് കയ്യേറിയിരിക്കുന്നത്.