sivarathri-jpg

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം ഭക്തിനിർഭരമായി. പുലർച്ചെ നൂറ് കണക്കിന് ഭക്തർ ശ്രീകോവിൽ നടയിൽ ദർശനം നടത്തി. രാവിലെ ഉച്ചപൂജയുടെ മുഹൂർത്തത്തിൽ വൈക്കത്തപ്പന് ഉദയാസ്തമനപൂജ നടത്തി. തുടർന്ന് ധാര, കലശം എന്നിവയും ഉണ്ടായി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ തരണി ഡി. നാരായണൻ നമ്പൂതിരി, അനൂപ് എസ്. നമ്പൂതിരി, ടി. എസ്. നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികരായിരുന്നു.
വൈകിട്ട് വൈക്കത്തപ്പന് ഭസ്മാഭിഷേകം നടത്തി. രാത്രി 8 ന് വൈക്കത്തപ്പന്റെ സ്വർണ്ണതിടമ്പ് ആനപ്പുറത്ത് വിളക്കിനെഴുന്നള്ളിച്ചു. കലാമണ്ഡപത്തിൽ കലാപരിപാടികളും നടന്നു. മഹാശിവരാത്രിയോടനുബന്ധിച്ച് പട്ടാര്യസമാജം 40 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഊട്ടുപുരയിൽ പ്രാതൽ വഴിപാട് നടത്തി. വൈക്കത്തപ്പന് പ്രത്യേക പൂജകളും നടത്തി. വൈകിട്ട് വിവിധ പ്രദേശങ്ങളിൽ നിന്നും താലപ്പൊലി, കാവടി ഘോഷയാത്ര, ഇളനീർ തീർത്ഥാടനം, കൂവളത്തില താലപ്പൊലി എന്നിവ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം വച്ച് അഭിഷേക ചടങ്ങുകൾ നടത്തി. നിരവധി കേന്ദ്രങ്ങളിൽ നിന്നെത്തിയ കാവടിക്കൂട്ടങ്ങളുടെ വർണ്ണക്കാഴ്ച ഭക്തിനിർഭരമായി. താളമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് കാവടികൾ ക്ഷേത്രമുറ്റത്ത് വർണ്ണങ്ങളുടെ പീലിവിടർത്തിയാടി. തുടർന്ന് കാവടി അഭിഷേകവും നടന്നു.
പട്ടാര്യസമാജത്തിന്റെ കൂവളത്തില താലപ്പൊലി വൈകിട്ട് 5.00 ന് സമാജം ആസ്ഥാനത്തു നിന്നും വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗിപകർന്നു. പ്രസിഡന്റ് പ്രകാശൻ, സെക്രട്ടറി മോഹനൻ പുതുശ്ശേരി, ജയനാരായണൻ, ശിവകുമാർ, വിജി ചന്ദ്രശേഖരൻപിള്ള, കൃഷ്ണകുമാർ, മോഹനൻ തലയാഴം എന്നിവർ നേതൃത്വം നൽകി.
വൈക്കം ശ്രീ ശിവവിലാസം കാവടിസമാജത്തിന്റെ കാവടികൾ ഭാരത് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് പൂജകൾ നടത്തിയ ശേഷം വൈകിട്ട് 5.00 ന് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കോയിയമ്മ മഠം ഹരിഹരയ്യർ കാവടിപൂജ നടത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, വാദ്യമേളങ്ങൾ എന്നിവ ഭംഗിപകർന്നു. കെ. എം. സോമശേഖരൻ നായർ, ഗിരീഷ് ത്രിവേണി, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.