കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പതിനാലാം സാക്ഷിയായ മിഷനറീസ് ഒഫ് ജീസസിന്റെ കണ്ണൂരിലെ മഠത്തിലുള്ള കന്യാസ്ത്രീ ഫ്രാങ്കോയുടെ പീഡനശ്രമങ്ങൾ തുറന്നുപറഞ്ഞത്. വീഡിയോ ചാറ്റിലൂടെ ശരീരഭാഗങ്ങൾ തുറന്നുകാട്ടാൻ ആവശ്യപ്പെട്ടെന്നും കണ്ണൂരിലേക്ക് മാറിയശേഷം മഠത്തിലെത്തി തന്നെ ചുംബിച്ചുവെന്നും അശ്ലീലം സംസാരിച്ചുവെന്നുമായിരുന്നു കന്യാസ്ത്രീയുടെ മൊഴി. സഭയിൽ തുടരേണ്ടതിനാൽ കേസ് എടുക്കണ്ടെന്നാണ് പൊലീസിനോട് പറഞ്ഞത്. അതിനാലാണ് അന്ന് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നത്. എന്നാൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതമാകുമെന്നാണ് അറിയുന്നത്.
കന്യാസ്ത്രീയ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച വിടുതൽ ഹർജിയിൽ കോട്ടയത്ത് വാദം തുടങ്ങാനിരിക്കെയാണ് പുതിയ കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ.
നാലു പേജുള്ള മൊഴിയിൽ കന്യാസ്ത്രീ പേരെഴുതി ഒപ്പു വച്ചിട്ടുണ്ട്. 2015ൽ ബീഹാറിൽ ജോലി ചെയ്യുമ്പോൾ ബിഷപ്പ് ഫ്രാങ്കോ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നെന്നും എനിക്കത് അറുപ്പും വെറുപ്പുളവാക്കിയെന്നും തനിക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും വീഡിയോയിലൂടെ അശ്ലീലം തുടരുകയായിരുന്നുവെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. രണ്ട് പേരുടെയും ശരീരഭാഗങ്ങളെക്കുറിച്ച് വർണിച്ച് വീഡിയോ ചാറ്റിംഗ് നടത്തിയെന്നും മൊഴിയിൽ പറയുന്നു. രൂപതയുടെ പിതാവായതിനാൽ മറുത്ത് പറയാൻ ഭയമായിരുന്നുവെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.
2017ൽ കന്യാസ്ത്രീയെ കേരളത്തിലേക്ക് മാറ്റി. ഏപ്രിലിൽ കണ്ണൂരിലെ മഠത്തിലെത്തിയ ഫ്രാങ്കോ രാത്രി 10ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ച് ബീഹാറിലുണ്ടായ മറ്റൊരു വിഷയത്തെപറ്റി സംസാരിച്ചു. പോകാൻ തുടങ്ങുമ്പോൾ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മവച്ചു. ബിഷപ്പായതിനാൽ ഭയപ്പെട്ടാണ് ഈ വിവരം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ പൊലീസിന് മൊഴി നല്കിയിരുന്നു. ഈ മൊഴികളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
അതേസമയം, ഭാരത കത്തോലിക്കാ സഭയെയും വിശ്വാസികളെയും സമൂഹത്തിൽ നിരന്തരം അപഹാസ്യമാക്കുന്ന ബിഷപ്പ് ഫ്രാങ്കോയെ ഉടൻ മെത്രാൻ പദവിയിൽ നിന്നും വൈദിക പദവിയിൽ നിന്ന് പുറത്താക്കണമെന്ന് സേവ് അവർ സിസ്റ്റേഴ്സ് കൺവീനർ ഷൈജു ആന്റണി ആവശ്യപ്പെട്ടു.