കോട്ടയം: നെടുങ്കണ്ടത്ത് കസ്റ്റഡിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹരിത ഫിനാൻസിലെ ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യം. ഇന്നലെ നെടുങ്കണ്ടത്ത് എത്തിയ സി.ബി.ഐ സംഘം, സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പണംതട്ടിപ്പ് കേസിലെ പ്രതികളായ ശാലിനി, മഞ്ജു, മഞ്ജുവിന്റെ ഭർത്താവും രാജ്കുമാറിന്റെ ഡ്രൈവറുമായിരുന്ന അജിമോൻ എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് അറിയുന്നത്. സി.ബി.ഐ ഡിവൈ.എസ്.പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇവരെ ചോദ്യം ചെയ്തത്.
അതേസമയം, രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിൽ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ ഇന്നലെ നെടുങ്കണ്ടം സ്റ്റേഷനിലും പുളിയൻമലയിലുമെത്തിച്ച് തെളിവെടുത്തു. പീരുമേട് സബ് ജയിൽ, ആശുപത്രി, രാജ്കുമാറിന്റെ വീട്, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.
2019 ജൂൺ 12ന് പുളിയൻമലയിൽ വച്ചാണ് രാജ്കുമാറിനെ നാട്ടുകാർ നെടുങ്കണ്ടം എസ്.ഐ സാബുവടക്കമുള്ള സംഘത്തിന് കൈമാറിയത്. അന്നുണ്ടായിരുന്ന നാട്ടുകാരെയും പുളിയൻമലയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തിയതിന് ശേഷം സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രാജ്കുമാറിന് മർദ്ദനമേറ്റ പൊലീസിന്റെ വിശ്രമമുറിയിലെത്തിച്ചു. പത്ത് മണിക്കൂറോളം ഇവിടെ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തി. രാജ്കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്ത് ഡി.ഡി ചാർജുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബിജു ലൂക്കോസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രകാശ് എന്നിവരെ സാബുവിന്റെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചോദ്യം ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം ഇയാൾക്കെതിരെ പരാതി നൽകാനെത്തിയ തൂക്കുപാലം സ്വദേശിയെയും സി.ബി.ഐ സംഘം വിളിപ്പിച്ചിരുന്നു. കസ്റ്റഡി സമയം രാജ്കുമാറിന്റെ കാൽ മുട്ടിലെ നീര് ഭേദമാകാൻ ചികിത്സിച്ച തൂക്കുപാലം സ്വദേശിയായ വൈദ്യനെയും സി.ബി.ഐ സംഘം ചോദ്യം ചെയ്തു.