കോട്ടയം: വാടകയ്ക്കെടുത്ത കാറുകൾ തമിഴ്നാട്ടിലെ അൽഉമ്മ തീവ്രവാദികൾക്ക് കൈമാറിയ കേസിൽ പിടിയിലായ പ്രധാന പ്രതി കോയമ്പത്തൂർ കുനിയമ്മുത്തൂർ ഉക്കടം സ്വദേശി ഭായി റഫീഖിനെ (മുഹമ്മദ് റഫീഖ്) എൻ.ഐ.എ ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതിയെ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകും. കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയും അൽഉമ്മ തീവ്രവാദിയുമായ റഫീക്കിനെ ഇന്നലെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഒാഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ വാടാനപ്പള്ളി ഗണേശമംഗലം പുത്തൻവീട്ടിൽ ഇല്യാസ് (37), ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ കെ.എ നിഷാദ് (37) എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഫീക്കിനെ പിടികൂടിയത്. ഒരു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു 11 കാറുകളാണ് സംഘം കൈക്കലാക്കിയത്.
കോട്ടയം ജില്ലാ പൊലീസ് ചീഫ് ജി. ജയദേവ്, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഫീക്ക് അറസ്റ്റിലായത്. കോയമ്പത്തൂർ ഉക്കടത്തെ താമസസ്ഥലത്തു നിന്നുമാണ് വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത്, എ.എസ്.ഐ പി.എൻ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് .ടി.ജെ, സുദീപ് .സി, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ആർ. ബൈജു, വിഷ്ണു വിജയദാസ് എന്നിവർ റഫീഖിനെ പിടികൂടിയത്. പൊലീസ് എത്തിയതറിഞ്ഞ് ഇയാളുടെ അനുയായികൾ സംഘം ചേർന്നെങ്കിലും സാഹസികമായി പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ കടത്തിയതിനും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിനും റഫീഖിനെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 1998 ഫെബ്രുവരി 14 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ പ്രതിയും അൽഉമ്മ കമാൻഡറുമായ മുജീറിന്റെ സഹോദരനാണ് റഫീഖ്. മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരിച്ചിരുന്നു. കോയമ്പത്തൂർ സ്ഫോടനത്തിനായി കൊണ്ടുവന്ന ബോംബ് ഉക്കടത്തുള്ള റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട റഫീഖ് 2008 ലാണ് പുറത്തിറങ്ങിയത്.