manimala

കോട്ടയം : പ്രളയത്തിൽ നിറഞ്ഞു കവിഞ്ഞ ജില്ലകളെ നദികളെല്ലാം വറ്റി വരണ്ടു പലേടത്തും മണൽക്കുന്നും പാറക്കൂട്ടങ്ങളും മാത്രം. ആവശ്യത്തിലധികം മഴ ലഭിച്ചിട്ടും നാട് വരൾച്ചയിലേയ്ക്ക് നീങ്ങുമ്പോൾ ആശങ്കയും ഉയരുകയാണ്. മുൻ വർഷവും പ്രളയത്തിന് ശേഷം സമാന അവസ്ഥയായിരുന്നു.

ഹൈഡ്രോളജി വകുപ്പിന്റെ കണക്ക് പ്രകാരം മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിലെ ജനിരപ്പ് താഴെയാണ്. അണക്കെട്ടുള്ളതിനാൽ മൂവാറ്റുപുഴയാറിൽ മാത്രമാണ് ഇതിന് വിഘാതം. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്ത് അടിസ്ഥാന നിരപ്പിനെ അപേക്ഷിച്ച് 8 സെന്റീമീറ്റർ കുറവാണ്. പാലായിൽ ഇത് 1.2 മീറ്റർ കുറവാണ്. മണിമലയാറിന്റെയും അവസ്ഥ സമാനമാണ്. മണിമല പാലത്തിന് താഴെയുള്ള ഭാഗം പാറകൾ മാത്രമേ കാണാനുള്ളൂ. താത്കാലിക തടയണകളുള്ളിടത്ത് മാത്രമാണ് വെള്ളമുള്ളത്. ആദ്യ പ്രളയത്തോടെയാണ് ഫെബ്രുവരി മാസത്തിൽ തന്നെ വെള്ളം പൂർണമായും വറ്റുന്നത്.

ജലം പാഴാക്കരുതേ ...

ജല ദുരുപയോഗം കർശനമായി തടയാൻ അസിസ്റ്റന്റ് എൻജിനിയർമാരുടെ കീഴിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് നടപടി തുടങ്ങി. ശുദ്ധജലം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കണക്ഷൻ റദ്ദ് ചെയ്യും. കുടിശികയുള്ള കണക്ഷനുകൾ കട്ട് ചെയ്യുന്നതിനുള്ള നടപടിയുമെടുക്കുന്നുണ്ട്.

നിർദേശങ്ങൾ
ഗാർഹികാവശ്യത്തിനെടുത്ത കണക്ഷനുകളിൽ നിന്ന് മറ്റാവശ്യങ്ങൾക്ക് വെള്ളമെടുക്കരുത്
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വെള്ളം അമിതമായി ഉപയോഗിച്ചാൽ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തില്ല
കെട്ടിട നിർമാണം, കൃഷി ആവശ്യം, കന്നുകാലികളെ കുളിപ്പിക്കൽ, കിണറ്റിലേക്ക് ഹോസ് ഉപയോഗിച്ച് വെള്ളം നിറയ്ക്കൽ എന്നിവ ഗാർഹിക കണക്ഷനിൽ നിന്ന് ഒഴിവാക്കണം
പൊതു ടാപ്പുകളിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം ദുരുപയോഗം ചെയ്യാതിരിക്കുക.

'' ആറ്റിൽ തീരെവെള്ളമില്ല. കഴിഞ്ഞ വർഷം മുതലാണ് ഫെബ്രുവരി മാസം ഇങ്ങനെ വെള്ളമില്ലാതായത്. ഇനി വേനൽ കടുക്കുന്ന മാർച്ചിലും ഏപ്രിലിലും എന്ത് ചെയ്യുമെന്ന് അറിയില്ല''

ആലീസ്, വീട്ടമ്മ