കോട്ടയം: റോഡിലെ കളരി അഭ്യാസികളായ കെ.എസ്.ആ‌ർ.ടി.സി ബസുകൾക്കും ഭാരവാഹനങ്ങൾക്കും മൂക്കുകയറിടാൻ മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിച്ച് അതിവേഗം പായുന്ന കൊമ്പന്മാരെ കാമറ കെണിവച്ചു കുടുക്കാനാണ് നീക്കം. 2017 ലെ മോട്ടോർ വാഹന വകുപ്പ് ഭേദഗതി ചട്ടം കർശനമായി നടപ്പാക്കും. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങൾ റോഡിന്റെ ഇടത് വശം ചേർന്നു മാത്രമേ ഒാടാവൂ എന്നാണ് ആ ചട്ടം പറയുന്നത്. ഇതു കർശനമാക്കിയാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് 19 യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 2017 ലെ ഭേദഗതിച്ചട്ടം പൊടിതട്ടിയെടുക്കുന്നത്. രണ്ടു വരിപ്പാത മുതൽ ഹൈവേ അടക്കമുള്ള വലിയ റോഡുകളിലാണ് ഭാരവാഹനങ്ങൾക്ക് ഇടത് വശം നിർബന്ധമാക്കിയിരിക്കുന്നത്. എന്നാൽ, ഈ ഭേദഗതി നിലവിലുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകളും കണ്ടെയ്‌നർ ലോറികളും അടക്കമുള്ളവ ഇത് പാലിക്കാറില്ല.

ഇന്റർസെ‌പ്റ്റർ ഉപയോഗിച്ച് ഇത്തരത്തിൽ ഹൈവേകളിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തും. ആദ്യ ഘട്ടത്തിൽ പിഴയും രണ്ടാം ഘട്ടത്തിൽ ലൈസൻസ് സസ്‌പെൻഷനും കേസും ശിക്ഷ നൽകും.

ചെറിയ വാഹനങ്ങൾ കുരുങ്ങും

കെ.എസ്.ആർ.ടി.സി ബസുകളും ഭാരവാഹനങ്ങളും അടക്കമുള്ളവ റോഡിന്റെ വലത്തേയ്‌ക്കു മാറുമ്പോൾ ഇടയിൽ കുടുങ്ങുന്നത് ചെറുവാഹനങ്ങളാണ്. നിയമം തെറ്റിക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളാണ് മുന്നിൽ. ഇവർ ഒരിക്കലും റോഡിന്റെ ഇടത് വശം ചേർന്ന് പോകാറില്ല. ചെറുവാഹനങ്ങളെ ഭയപ്പെടുത്തുന്നതും ഇവരുടെ വിനോദമാണ്.

2017 ലെ ആക്‌ട്

ഒരു തടസത്തെയോ അല്ലെങ്കിൽ വേഗത കുറഞ്ഞ വാഹനത്തെയോ മറികടക്കുമ്പോളൊഴിച്ച് എല്ലായിപ്പോഴും ഒരേ ദിശയിൽ നിരവധി ലൈനുകളുള്ള റോഡിൽ ഒരു ഹെവി വാഹനമോ, അല്ലെങ്കിൽ വേഗനിയന്ത്രണമുള്ള വാഹനമോ ഇടത് ലൈനിലൂടെയാണ് ഓടിക്കേണ്ടത്. തടസത്തെയോ വേഗത കുറഞ്ഞ വാഹനത്തെയോ മറികടന്ന ശേഷം ഡ്രൈവർ ഉടൻ തന്നെ ഇടത് ലൈനിലേയ്‌ക്കു തിരിച്ചെത്തേണ്ടതാണ്.